ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ച കേന്ദ്രസഹായവും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയ കേന്ദ്രസഹായവും കണക്കുകള്‍ നിരത്തി വിശദീകരിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതമായി 2004-14 കാലത്ത് കേരളത്തിന് 46,303 കോടി രൂപ ലഭിച്ചപ്പോള്‍ 2014-24 കാലത്ത് അത് 1,50,140 കോടി രൂപയായി ഉയര്‍ത്തിയെന്ന് ധനമന്ത്രി രാജ്യസഭയെ അറിയിച്ചു.
224 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മോദി സര്‍ക്കാര്‍ നികുതി വിഹിതത്തില്‍ കേരളത്തിന് നല്‍കിയത്.
കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റുകളും മറ്റ് ധനസഹായങ്ങളും യുപിഎ കാലത്ത് 25,629.7 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. എന്നാല്‍ 2014 മുതല്‍ 2023 ഡിസംബര്‍ വരെ കേരളത്തിന് മോദി സര്‍ക്കാര്‍ നല്‍കിയത് 1,43,117 കോടി രൂപയാണ്. അതായത് യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാല്‍ 458 ശതമാനം അധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു.
മൂലധനച്ചിലവുകള്‍ക്കായി അമ്പതു വര്‍ഷത്തെ പലിശരഹിത വായ്പയായി പ്രത്യേക ഫണ്ട് 2020-21ല്‍ 82 കോടി രൂപ കേരളത്തിന് നല്‍കി. 2021-22ല്‍ ഇത് 229 കോടി രൂപയാക്കി ഉയര്‍ത്തി. 2022-23ല്‍ 1,903 കോടി രൂപയാണ് ഈയിനത്തില്‍ കേരളത്തിന് നല്‍കിയത്. ധനകമ്മീഷന്‍ ശുപാര്‍ശ ചെയ്യാത്ത തുകയായിരുന്നു ഇത്. കൊവിഡ് പ്രതിസന്ധി മറികടക്കാനും സംസ്ഥാനങ്ങളുടെ വികസനത്തിനുമായി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ ധനസഹായം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്.
കൊവിഡ് കാലത്ത് അധിക കടമെടുക്കാനായി 18,087 കോടി രൂപയ്‌ക്കും കേരളത്തിന് അനുമതി നല്‍കിയതായി കേന്ദ്രധനമന്ത്രി അറിയിച്ചു. കേന്ദ്രധനകമ്മീഷന്‍ ശുപാര്‍ശകള്‍ യാതൊരു പക്ഷപാതവും കൂടാതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും എല്ലാ സര്‍ക്കാരുകള്‍ക്കും കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ചുള്ള തുക കൃത്യമായി നല്‍കിയതായും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: