പട്ടാമ്പി: ഭാരതപ്പുഴയിലെ കടവുകളില്‍നിന്ന് മണല്‍ വാരാമെന്ന ബജറ്റ് പ്രഖ്യാപനത്തെ നിര്‍മാണ മേഖല സ്വാഗതം ചെയ്തു. 8 വര്‍ഷത്തിന് ശേഷമാണ് ഭാരതപ്പുഴയില്‍നിന്നും മണല്‍ വാരുന്നതിന് നിയമാനുസൃത അനുമതി ലഭ്യമാകുന്നത്. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി എന്നീ പുഴകളില്‍നിന്നുള്ള മണല്‍ വാരല്‍ നടപ്പു സാമ്പത്തികവര്‍ഷം തന്നെ ആരംഭിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.
ഒരുകാലത്ത് കേരളത്തിലെ നിര്‍മാണ മേഖലയില്‍ പട്ടാമ്പി മണലിന് ‘സ്വര്‍ണവില’യായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് വീടുകളടക്കമുള്ള കെട്ടിടങ്ങളാണ് പട്ടാമ്പി മണല്‍ ഉപയോഗിച്ച് നിര്‍മിച്ചത്. കേരളത്തില്‍ കിട്ടാവുന്നതില്‍വെച്ച് ഏറ്റവും നല്ല മണലാണ് പട്ടാമ്പിയിലേത്. തരി മണലായിരുന്നതിനാല്‍ അരിക്കേണ്ട ആവശ്യംപോലുമില്ല. നിത്യേന പട്ടാമ്പി പുഴയിലൂടെ നൂറുകണക്കിന് ലോറികളാണ് കയറിയിറങ്ങിയത്. മണല്‍ക്കൊള്ള അക്കാലത്ത് നിര്‍ബാധം തുടരുകയായിരുന്നു. 2016ലാണ് നിയമനിര്‍മാണത്തിലൂടെ മണല്‍ക്കടത്ത് നിര്‍ത്തിവെച്ചത്. പ്രകൃതിസംരക്ഷണ സമിതികളും ഭാരതപ്പുഴ സംരക്ഷണ സമിതികളും പരിസ്ഥിതി സ്‌നേഹികളും ഒന്നടങ്കം പുഴയില്‍നിന്നുള്ള മണല്‍ വാരലിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ മണലെടുപ്പ് നിര്‍ത്തിവെച്ചിരുന്നത്. ഇതിനകം ഭാരതപ്പുഴയിലെ മുഴുവന്‍ തീരവും മണലെടുത്ത് കല്ലും കുറ്റിച്ചെടികളുമായി മാറി.
വര്‍ഷങ്ങളോളം മണല്‍ക്കടത്തും കള്ളക്കടത്തും ഒരുവിഭാഗം ആളുകളെ പറുദീസയായിരുന്നു. പോലീസുകാരെ പ്രത്യേക ഡ്യൂട്ടിക്കുതന്നെ അവിടെ നിയോഗിക്കേണ്ടിവന്നു. അതിനുശേഷം പ്രളയത്തില്‍ മണല്‍ അടിയുകയും പുഴയുടെ ആഴം കുറഞ്ഞെന്നുമുള്ള പരാതി ഉയര്‍ന്നിരുന്നു. അതിനിടെയാണ് മണലെടുപ്പിനെക്കുറിച്ച് സര്‍ക്കാര്‍ വീണ്ടും ചിന്തിച്ചത്. 200 കോടി രൂപ മണലില്‍നിന്ന് ലഭിക്കുമെന്ന വിശ്വാസമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം നദികളുടെ ജലസംഭരണശേഷി കൂട്ടാമെന്നും കരുതുന്നു. എന്നാല്‍ സൂക്ഷ്മമായി പ്രശ്‌നം കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ ആപത്തായിരിക്കും വിളിച്ചുവരുത്തുക. മണല്‍ വാരുന്നതിന് അനുകൂലവും പ്രതികൂലവുമായി ആളുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ നിര്‍മാണ മേഖലക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി എം. നന്ദകുമാര്‍ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷമായി തങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിക്കുന്ന ആവശ്യമാണ് ഇതെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിലേക്ക് വരുമാനം വരുന്നതോടൊപ്പം ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നും മെമ്പര്‍മാര്‍ പറഞ്ഞു.
ഭാരതപ്പുഴയില്‍ നിന്ന് മണലെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പറളി ചേര്‍ന്ന നിളാവിചാരവേദി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 42 നദികളും പൂര്‍ണനാശത്തിലേക്ക് എത്തിക്കാനുള്ള തീരുമാനമാണിതെന്നും യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് പുഴയെ നശിപ്പിച്ചുകൊണ്ടാകരുത്. പുഴ മണല്‍ അനിയന്ത്രിതമായി എടുക്കാനുള്ള അനുമതി നല്‍കിയാല്‍ അത് പരിസ്ഥിതിയുടെ പൂര്‍ണ നാശത്തിലാകും എത്തിച്ചേരുകയെന്ന് യോഗം അഭിപ്രായപ്പെട്ടു. നിളാവിചാരവേദി വൈസ് പ്രസിഡന്റ എ.സി. ചെന്താമരാക്ഷന്‍, സെക്രട്ടറി പി.ആര്‍. കൃഷ്ണന്‍കുട്ടി, ട്രഷറര്‍ എം. സുരേഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: