ന്യൂദല്‍ഹി: സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം ലഷ്കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന കുപ്വാര സ്വദേശി പിടിയില്‍. ജമ്മു കശ്മീരില്‍ കുപ്വാര കേന്ദ്രീകരിച്ച് എല്‍ഇടിയില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് അഹമ്മദ് റാഥര്‍ എന്നയാളാണ് പിടിയിലായത്. നിയന്ത്രണരേഖ വഴി ആയുധങ്ങള്‍ കടത്തിയിരുന്നത് റിയാസിന്റെ നേതൃത്വത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.
റിയാസിനെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി റയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടുകയായിരുന്നു. ജബല്പൂരില് നിന്നും മഹാകൗശല്‍ എക്സ്പ്രസില്‍ നിസാമുദ്ദീനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമെത്തി ഇയാളെ പിടികൂടിയത്. റിയാസിനൊപ്പം അല്‍താഫ് എന്നൊരു സുഹൃത്ത് കൂടി പിടിയിലായിട്ടുണ്ട്. ഇരുവരും കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്.
അടുത്തിടെ നടന്ന പല ഭീകരാക്രമണങ്ങളിലും റിയാസിന് പങ്കുണ്ടെന്നും സംശയമുണ്ട്. കശ്മീര്‍ താഴ്വരയിലെ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചിരുന്നതും ഇയാളാണ്. പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഭീകരരായ മന്‍സൂര്‍ അഹ്മ്മദ് ഷെയ്ഖ് (ഷക്കൂര്‍), ഖ്വാസി മൊഹമ്മദ് ഖുശാല്‍ എന്നിവരുമായും ബന്ധമുണ്ട്. ഇവരുടെ സഹായത്താലാണ് റിയാസ് ആയുധങ്ങള്‍ കടത്തിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: