ഹര്‍ദ: മധ്യപ്രദേശില്‍ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്ക്. ഹര്‍ദ ജില്ലയിലെ ബൈരാഗഢ് ഗ്രാമത്തിലെ പടക്ക നിര്‍മാണശാലയിലായിരുന്നു അപകടം. സ്ഫോടന സമയത്ത് 150 ഓളം തൊഴിലാളികള്‍ കമ്പനിയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
15 കിലോമീറ്ററോളം സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. തീ വ്യാപിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സഫോടനം നടന്നയുടന്‍ ഫാക്ടറിക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല, അതാണ് ഇത്രയും പേര് മരണമടയാനുള്ള കാരണമെന്ന് ഹര്‍ദ കോട്വാലി പോലീസ് സ്റ്റേഷന് മേധാവി അബ്ദുള്‍ റായീസ് ഖാന് അറിയിച്ചു.
മരണസംഖ്യ ഇനി യും ഉയര്‍ന്നേക്കാം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം അറിഞ്ഞയുടന്‍ അഗ്നിരക്ഷാ സേനയും പോലീസും അമ്പതോളം ആംബുലന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഇന്‍ഡോറിലേയും മധ്യപ്രദേശിലേയും മെഡിക്കല്‍ കോളജുകള്‍ക്കും നിര്‍ദേശം നല്കി. അനുമതിയില്ലാതെയാണ് പടക്ക നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം പ്രഖ്യാപിച്ചു.
എട്ടു വയസുകാരനെ കാണാനില്ല
പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിനിടെ എട്ട് വയസുകാരനെ കാണാതായെന്ന് പരാതി. ഫാക്ടറിയിലെ ജോലിക്കാരനായ അച്ഛന് രാജുവിന് ഉച്ചഭക്ഷണം നല്കാനെത്തിയതാണ് കുട്ടി. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിന് പിന്നാലെ കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയായാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: