ന്യൂദൽഹി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. അദ്ദേഹത്തെ ആരും അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ “അത് ന്യായ യാത്രയല്ല, അത് കടന്നുപോകും. ഞങ്ങളുടെ ഗ്രാമത്തിൽ ഇടുങ്ങിയ പാതയിലൂടെ പോകുക’ എന്നൊരു ചൊല്ലുണ്ട്. അതേ ഇടുങ്ങിയ പാതയിലൂടെയാണ് അദ്ദേഹത്തിന്റെ യാത്രയും കടന്ന് പോകുന്നത്, രാഹുൽ ഗാന്ധി പൂർണമായും പരാജയപ്പെട്ടു. അദ്ദേഹത്തെ ആരും അംഗീകരിക്കുന്നില്ല” -പഥക് കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സഖ്യമായ ഇൻഡിയെയും പഥക് രൂക്ഷമായി വിമർശിച്ചു. “ഈ സഖ്യം രൂപീകരിക്കുമ്പോൾ, പുതിയ രൂപത്തിൽ ഇതിൽ പഴയ ആളുകൾ ആണെന്ന് ഞാൻ പറഞ്ഞിരുന്നു. അഴിമതിയിലും കെടുകാര്യസ്ഥതയിലും ആഴത്തിൽ മുങ്ങിക്കിടക്കുന്ന യുപിഎ-1ലും യുപിഎ-2ലും ഉള്ള ഒരു കൂട്ടമാണിത്. അധികാരമോഹികളുടെ കൂട്ടമാണിത്. അവർക്ക് രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളുമായി ഒരു ബന്ധവുമില്ല” – അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളിലൂടെ വലിയൊരു വിഭാഗം ആളുകളെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ എത്തിക്കുന്നതിൽ വിജയിച്ചു. ഈ പദ്ധതികൾ ജനങ്ങളെ സഹായിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ബിജെപി അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 സീറ്റുകളിലും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പഥക് അവകാശപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഈ മാസം 14ന് ഉത്തർ പ്രദേശിൽ പ്രവേശിക്കും. ഈ സാഹചര്യത്തിലാണ് ബ്രജേഷ് പഥകിന്റെ വിമർശനം വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: