പാട്ന: അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ബിഹാർ എംഎൽസിയും ജെഡിയു നേതാവുമായിരുന്ന രാധാ ചരൺ സാഹ് സമ്പാദിച്ച 26 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച അറിയിച്ചു.
ഐപിസി, അനധികൃത ഖനനം തടയൽ നിയമ പ്രകാരം വിവിധ വകുപ്പുകൾ ചേർത്താണ് ബിഹാർ പോലീസ് 19 എഫ്ഐആറുകളിൽ ബ്രോഡ് സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത മണൽ വിൽപനയും അതിന്റെ ഖനനവും പ്രധാനമായും ഒരു സംഘമാണ് നിയന്ത്രിച്ചതെന്നും അതിൽ അംഗമായ രാധാ ചരൺ സാഹ് ബ്രോഡ് സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് വഴി കുറ്റകൃത്യങ്ങളിൽ നിന്ന് വൻ വരുമാനം ഉണ്ടാക്കിയെന്നും അന്വേഷണത്തിൽ ഇഡി പറഞ്ഞു.
കൂടാതെ ഹവാല ശൃംഖല ഉപയോഗിച്ച് മകൻ കനയ്യ പ്രസാദിന്റെ സഹായത്തോടെയാണ് ഇയാൾ കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിച്ചതെന്നും ഇഡി വ്യക്തമാക്കി. ഇതിനു പുറമെ ഹിമാചൽ പ്രദേശിലെ മണാലിയിലെ ഒരു റിസോർട്ട് ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും തന്റെ മക്കൾ ഷെയർഹോൾഡർമാരായ ഒരു കമ്പനി മുഖേനയും ഉത്തർപ്രദേശിലെ ഗാസിയാബാദിലെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് നടത്തുന്ന ഒരു സ്‌കൂളിൽ നിർമ്മാണം നടത്തുന്നതിനും സാഹ് കുറ്റകൃത്യത്തിന്റെ വരുമാനം ഉപയോഗിച്ചെന്നും ഇഡി ആരോപിച്ചു.
ബ്രോഡ് സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബിഹാറിലെ മൈനിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഡിപ്പാർട്ട്‌മെൻ്റൽ പ്രീ-പെയ്ഡ് ട്രാൻസ്‌പോർട്ടേഷൻ ഇ-ചലാൻ ഉപയോഗിക്കാതെ അനധികൃത മണൽ ഖനനത്തിലും മണൽ വിൽപനയിലും ഏർപ്പെട്ടിട്ടുണ്ട്. ഇത് സർക്കാരിന് 161.15 കോടി രൂപയുടെ വൻ വരുമാന നഷ്ടമുണ്ടാക്കിയതായും ഇഡി കണ്ടെത്തി.
സാഹ, മകൻ കനയ്യ പ്രസാദ്, ബ്രോഡ് സൺ കമ്മോഡിറ്റീസ് ഡയറക്ടർമാരായ മിഥിലേഷ് കുമാർ സിംഗ്, ബബൻ സിംഗ്, സുരേന്ദ്ര കുമാർ ജിൻഡാൽ എന്നിവരെ കഴിഞ്ഞ വർഷം ഇഡി അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇവർ ജയിലിലുലാണ്. ഇവർക്കെതിരെ 2023 നവംബറിൽ പട്‌ന പ്രത്യേക പിഎംഎൽഎ കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: