കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം തള്ളിയ ഹൈക്കോടതി സിബിഐ അന്വേഷണം അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണെന്നും വ്യക്തമാക്കി. പൊലീസിനെ സംശയിക്കാന്‍ മതിയായ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതി സന്ദീപിന്റെ ജാമ്യ ഹര്‍ജിയും കോടതി തള്ളി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പൊലീസ് നിലപാടില്‍ സംശയമുണ്ടെന്നും പ്രതി സന്ദീപിന് രക്ഷപ്പെടാന്‍ പൊലീസ് പഴുതൊരുക്കിയെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു വന്ദനയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.
ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ഏത് ആവശ്യവും കേള്‍ക്കാന്‍ തയ്യാറാണെന്നും സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലാത്ത കേസാണിതെന്നും സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ നിലപാട് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: