ന്യൂദല്‍ഹി: ഇന്‍ഡി അലയന്‍സിന്റെ (സംഖ്യത്തിന്റെ) അലൈന്‍മെന്റ് പോയ അവസ്ഥയാണ്. പ്രതിപക്ഷമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഷ്‌ട്രപതിയുടെ അഭിസംബോധനയോടുള്ള നന്ദി പ്രമേയ ചര്‍ച്ചയ്‌ക്ക് മറുപടി നല്‍കിക്കൊണ്ട് ലോക്‌സഭയില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
അടുത്ത തവണയും പ്രതിപക്ഷത്ത് തന്നെ തുടരാനാണ് നിലവിലെ പ്രതിപക്ഷത്തിന്റെ തീരുമാനമെന്നാണ് തോന്നുന്നത്. കാരണം ക്രീയത്മകമായ ഒരു പ്രവര്‍ത്തനം അവരില്‍ നിന്നു പ്രകടമായിട്ടില്ല. ഏതായാലും അവരുടെ ആഗ്രഹം മനസ്സിലാക്കി അടുത്ത പ്രാവശ്യവും ജനം അവരെ അനുഗ്രഹിക്കട്ടെ. രാജ്യത്തിന് നല്ലൊരു പ്രതിപക്ഷം വേണമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും അദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും ഒബിസികളോട് നീതി പുലര്‍ത്തിയില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍പ്പൂരി താക്കൂരിന് ഭാരതരത്‌ന ലഭിച്ചു. 1970ല്‍ അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇവര്‍ എന്തു ചെയ്തില്ല എന്നു ഓര്‍ക്കേണ്ട അവസ്ഥയാണ്. ഒബിസിക്കാരെ കോണ്‍ഗ്രസിന് സഹിക്കാനാവില്ല. സര്‍ക്കാരില്‍ എത്ര ഒബിസിക്കാര്‍ ഉണ്ടെന്നാണ് ഇപ്പോള്‍ അവര്‍ കണക്കു കൂട്ടുന്നതെന്നും മോദി പ്രതികരിച്ചു.
രാജ്യത്തിന്റെ കഴിവില്‍ ഒരിക്കലും വിശ്വാസമില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ചിന്താഗതി. അവര്‍ സ്വയം ഭരണാധികാരികളാണെന്നും പൊതുജനങ്ങളെ താഴ്ന്ന, ചെറിയ സമൂഹമായിയാണ് കണക്കാക്കിയിരുന്നത്. ഇന്ത്യക്കാര്‍ മടിയന്മാരും ബുദ്ധി കുറഞ്ഞവരുമാണെന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
സമാനമായ ആശയം പുലര്‍ത്തുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രസ്താവനയും പിന്നീട് ചൂണ്ടിക്കാട്ടി മോദി പറഞ്ഞു, ഇന്നത്തെ കോണ്‍ഗ്രസിലെ ആളുകളെ കാണുമ്പോള്‍, രാജ്യത്തെ ജനങ്ങളെ ശരിയായി വിലയിരുത്താന്‍ ഇന്ദിരയ്‌ക്ക് കഴിഞ്ഞില്ലെങ്ങിലും, കോണ്‍ഗ്രസിനെ കൃത്യമായി വിലയിരുത്തി എന്നാണ് തോന്നുന്നത്.
ഇന്‍ഡി അലയന്‍സിന്റെ അലൈന്‍മെന്റ് പോയ അവസ്ഥയാണ്. നിങ്ങളില്‍ പലര്‍ക്കും (പ്രതിപക്ഷത്തിന്) തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടതായി ഞാന്‍ കാണുന്നു. കഴിഞ്ഞ തവണയും ചില സീറ്റുകളില്‍ മാറിയാണ് നിങ്ങള്‍ മത്സരിച്ചത്, ഇത്തവണയും സീറ്റ് മാറാന്‍ പലരും നോക്കുന്നതായി കേട്ടിട്ടുണ്ട്. ലോക്‌സഭയ്‌ക്ക് പകരം രാജ്യസഭയിലേക്ക് പോകാന്‍ ഇപ്പോള്‍ പലര്‍ക്കും ആഗ്രഹമുണ്ടെന്നും കേട്ടിട്ടുണ്ട്. സാഹചര്യം വിലയിരുത്തി അവര്‍ തങ്ങളുടെ വഴികള്‍ തേടുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: