തൃശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വ്യാജ വിവരം നല്‍കിയ ആളെ കണ്ടെത്തി കേസില്‍ പ്രതി ചേര്‍ത്തു.വ്യാജ എല്‍.എസ്.ഡി. കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് ഏറെ ദിവസം ഷീലാ സണ്ണിക്ക് ജയിലില്‍ കഴിയേണ്ടി വന്നു.
ഷീലാ സണ്ണിയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണ് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. അന്വേഷണസംഘം തലവന്‍ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.എം. മജു ആണ് ഇക്കഴിഞ്ഞ 31-ന് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
വിദേശ നമ്പറില്‍നിന്നാണ് എക്സൈസിന് ഫോണ്‍ വന്നത് എന്നതിനാല്‍ വിവരം നല്‍കിയ ആളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. നാരായണദാസിന് ബെംഗളൂരുവില്‍ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിവരം. യുവതിയും ബെംഗളൂരുവിലാണ് താമസിക്കുന്നത്.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ സംശയനിഴലിലായിരുന്ന യുവതിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നാരായണദാസിലെത്തിച്ചത്. യുവതിയെ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഒന്നും അറിയില്ലെന്നും നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു.
എന്നാല്‍, യുവതിയുടെ ഇടപാടുകള്‍ അന്വേഷിച്ച് നാരായണദാസിലെത്തിച്ചേരുകയായിരുന്നു. യുവതിയുമായി അടുത്ത സൗഹൃദമാണ് ഇയാള്‍ക്കുള്ളത്. ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടറെ ഫോണില്‍ വിളിച്ചാണ് ഇദ്ദേഹം വിവരം കൈമാറിയത്.
ഷീല സണ്ണി അറസ്റ്റില്‍ ആകുന്നതിന്റെ തലേദിവസം നാരായണദാസ് ചാലക്കുടിയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കാട്ടിയുളള നോട്ടീസ് ഇയാള്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ല. അറസ്റ്റുചെയ്ത് ചോദ്യം ചെയ്യാനുള്ള നടപടിയുമായി അന്വേഷണസംഘം മുന്നോട്ടു പോകും. സംഭവം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: