തിരുവനന്തപുരം: നദികളിൽ നിന്നും മണൽ വാരുന്നതിന് ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ അനുമതി. ഇതിലൂടെ 200 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി നദികളിൽ നിന്നും മണൽ വാരുന്നതിന് അനുമതി ഇല്ലായിരുന്നു. 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽ വാരാനുള്ള തീരുമാനം എടുത്തത്.
മണൽ വാരലിലൂടെ കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് പുനരാരംഭിക്കാൻ പോകുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ പാർട്ടികൾക്ക് വരുമാനം ഉറപ്പാക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. സംസ്ഥാനത്തെ പതിനേഴോളം നദികളിൽ വൻ മണൽ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ. അനുമതി നൽകുന്നതിലൂടെ അനധികൃത മണൽ വാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം.
2018ലുണ്ടായ മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ മണൽ വാരാനുള്ള തീരുമാനം എടുത്തത്. പുഴകളിൽ മണൽ അടിഞ്ഞുകൂടിയത് പ്രളയത്തിന്റെ കാരണങ്ങളിൽ ഒന്നാണെന്നാണ് വിദഗ്‌ദ്ധ സമിതിയുടെ കണ്ടെത്തൽ. എന്നാൽ മണൽ ഒരിക്കലും പ്രളയത്തിന് കാരണമാകില്ലെന്നാണ് പരിസ്ഥിതി വാദികളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: