തൃശൂര്‍ : സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കാതെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സമ്മേളനത്തില്‍ നിന്ന് ശശി തരൂരും മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത സംസ്ഥാന കണ്‍വെന്‍ഷനില്‍ സിപിഎമ്മിനെതിരെയും പിണറായി സര്‍ക്കാരിനെതിരെയും ഒരക്ഷരം പോലും നേതാക്കള്‍ മിണ്ടിയില്ല.
ഒരു മണിക്കൂറിലേറെ നീണ്ട ഖാര്‍ഗെയുടെ പ്രസംഗം മുഴുവന്‍ മോദി സര്‍ക്കാരിനെതിരായിരുന്നു. വാക്കുകൊണ്ട് പോലും പിണറായിയെയും സിപിഎമ്മിനെയും നോവിക്കാതിരിക്കാന്‍ ഖാര്‍ഗെ പ്രത്യേകം ശ്രദ്ധിച്ചു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മാത്രമാണ് ഒരു വാചകമെങ്കിലും ഇടതുപക്ഷ സര്‍ക്കാരിനെതിരെ പറഞ്ഞത്.
മറ്റു നേതാക്കളുടെ പ്രസംഗങ്ങളിലെല്ലാം സിപിഎമ്മിന് എതിരായ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി. സംസ്ഥാനത്ത് കോണ്‍ഗ്രസ്- ഇടത് രഹസ്യ ധാരണ ശക്തമാകുന്നതിന്റെ സൂചനയായാണ് സമ്മേളനത്തിലെ പ്രസംഗങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
ദേശീയ വ്യാപകമായി സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനോട് അകന്നു പോകുന്നതില്‍ നേതൃത്വത്തിന് അങ്കലാപ്പ് ഉണ്ട്. സിപിഎമ്മിനെ പ്രകോപിപ്പിച്ച് ഇടതുപക്ഷത്തെ അകറ്റേണ്ട എന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധിയില്‍ നിന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതാണ് സിപിഎമ്മിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ കാരണമായത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബൂത്ത് പ്രസിഡന്റുമാരും ബൂത്ത് ലെവല്‍ ഏജന്റുമാരും ബൂത്തിലെ വനിതാ പ്രതിനിധിയും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് സംസ്ഥാന കണ്വെന്ഷന് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ചത്. 25000 ലേറെ ബൂത്തുകളില്‍ നിന്ന് മൂന്നുപേര്‍ വീതം എത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നതെങ്കിലും ആകെ എത്തിയത് പതിനായിരത്തില്‍ താഴെ പേര് മാത്രം. 25000 ലേറെ വനിതാപ്രതിനിധികളെ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും രണ്ടായിരം പേരെ പോലും എത്തിക്കാനായില്ല.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി കണക്കാക്കപ്പെടുന്ന ശശി തരൂര്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. ശശി തരൂരും നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രണ്ടുപേരും എത്തിയില്ല.
കെ. സുധാകരനും കെ.സി. വേണുഗോപാലിനും സമീപത്തായാണ് ശശി തരൂരിനും മുല്ലപ്പള്ളിക്കും ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇവരുടെ പേര് സ്വാഗത പ്രാസംഗികന് പരാമര്‍ശിക്കുകയും ചെയ്തു. ഇരുവരും സമ്മേളനത്തിന് എത്താതിരുന്നത് കൗതുകമായി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ.ആന്റണിയുടെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: