Categories: India

സനാതന ധര്‍മ്മ സംഘാടനം നടത്തിയത് ശ്രീശങ്കരനു ശേഷം ആര്‍എസ്എസ്: ശ്രീ ശ്രീ രവിശങ്കര്‍

Published by

ബെംഗളൂരു: പുരാതനവും നിരന്തരവും നിത്യനൂതനവുമായ സനാതന സംസ്‌കാരത്തെ ആദ്യം സംഘടിതമാക്കിയത് ആദിശങ്കരാചാര്യരാണെന്നും പിന്നീട് അതിന് സന്നദ്ധമായത് ആര്‍എസ്എസാണെന്നും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്ററില്‍ നാലു ദിവസം സംസ്‌കാര്‍ ഭാരതി നടത്തിയ കലാ സാധക സംഗമത്തിന്റെ സമാപനയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഓരോരോ കോണിലും സംസ്‌കാരത്തിന്റെ പ്രസാരണം നടത്തി ആര്‍എസ്എസ് നിലനില്‍ക്കുന്നു. സംസ്കാര്‍ ഭാരതി കലാരംഗത്ത് ജനതയെ ഒന്നിപ്പിക്കുന്നു. വനവാസി വികസനമായും സംസ്‌കാര്‍ ഭാരതിയായും വിശ്വഹിന്ദു പരിഷത്തായും ആ പ്രവര്‍ത്തനം വ്യാപകമാകുന്നു. ലോകം ശ്രേഷ്ഠമാക്കുക എന്ന ഋഷീശ്വരന്മാരുടെ ഉപദേശം നടപ്പിലാക്കുന്നു. ആ പ്രവൃത്തി നിഷ്ഠയോടെ ചെയ്യുന്ന ഓരോ പ്രവര്‍ത്തകരിലും ശക്തിയും യുക്തിയും ഭക്തിയും മുക്തിയും ഉണ്ടാകുന്നു, ശ്രീ ശ്രീ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ക്കും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സ്ഥാപനങ്ങളുടെ വാതില്‍ എന്നും തുറന്നിട്ടിരിക്കുമെന്ന് ശ്രീ ശ്രീ പ്രഖ്യാപിച്ചു.

ശക്തി ആത്മബലം നല്കുന്നു; അത് വ്യക്തിക്കു മാത്രമല്ല, സമൂഹത്തിനും ലഭ്യമാക്കുന്നു. അതിന് സാധന വേണം. സാധനയ്‌ക്ക് ഭക്തി വേണം. ഭക്തി ദൈവത്തില്‍ മാത്രം പോരാ, രാഷ്‌ട്രത്തിനോടും വേണം. ദൈവഭക്തി സ്വകാര്യമാണെന്നും രാഷ്‌ട്ര ഭക്തി ഇല്ലെന്നും സെക്യുലറിസം എന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. അത് ഖേദകരമായ അവസ്ഥയാണ്. ദേശഭക്തിയും ദൈവഭക്തിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഗോഖലെയെപ്പോലുള്ള നേതാക്കള്‍ ഈ സാമൂഹ്യബോധം പ്രചരിപ്പിച്ചവരില്‍ ആദ്യരാണ്. ഇന്ന് അത്തരത്തില്‍ ഒരു സ്ഥിതി രാമക്ഷേത്ര നിര്‍മാണത്തിലൂടെ ഉണ്ടായിരിക്കുകയാണ്. ആ സാമൂഹ്യ യജ്ഞത്തിന് ഒരു മഹാസാരഥിയുണ്ടായിരുന്നു. അദ്ദേഹമാണ് ഭാരതരത്‌നം നല്കി രാജ്യം ബഹുമാനിച്ച ലാല്‍ കൃഷ്ണ അദ്വാനി, സദസിന്റേയും വേദിയുടേയും കരഘോഷങ്ങള്‍ക്കിടയില്‍ ശ്രീ ശ്രീ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക