കൊച്ചി: കേരളത്തിന്റെ എല്ലാ രീതിയിലുമുള്ള പുരോഗതിയും മുന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹൈക്കോടതിക്ക് സമീപം എറണാകുളം മറൈന്‍ ഡ്രൈവില്‍ പൂര്‍ത്തിയായ ജി സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാഷയെയും സാഹിത്യത്തെയും ഭാരതത്തിന്റെ സംസ്‌കാരിക വൈവിധ്യത്തെയും കുറിച്ച് ഏറെ അഭിമാനിച്ച വ്യക്തിയാണ് മഹാകവി ജി. അദ്ദേഹം രാജ്യസഭാംഗമായിരുന്നു. നമ്മുടെ സാംസ്‌കാരികതയ്‌ക്കു കൈവന്ന അംഗീകാരമായിരുന്നു അത്. അന്ന് രാജ്യസഭയില്‍ നമ്മുടെ ഭാഷയ്‌ക്കും സംസ്‌കാരത്തിനും വേണ്ടി മഹാകവി ജി നടത്തിയ പ്രസംഗങ്ങള്‍, ഇടപെടലുകള്‍ എന്നിവയൊന്നും നാട് മറക്കില്ല. രാജ്യസഭാംഗത്വം മുതല്‍ ജ്ഞാനപീഠ പുരസ്‌കാരം വരെയുള്ളവ കൊണ്ടു ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട മഹാകവിക്ക് ഉചിതമായ ഒരു സ്മാരകം ഇവിടെ ഇല്ല എന്നത് ഒരു കുറവായിരുന്നു. ആ കുറവാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജി. ശങ്കരക്കുറുപ്പിന്റെ ജീവിതത്തെയും പ്രധാന കവിതകളെയും ആസ്പദമാക്കിയുള്ള ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആര്‍ട് ഗ്യാലറി, ഓടക്കുഴല്‍ ശില്പം, സാംസ്‌കാരിക നിലയം, ലൈബ്രറി എന്നിവ ഉള്‍പ്പെടെ 5,000 ചതുരശ്ര അടിയിലാണ് അഞ്ച് കോടി രൂപയ്‌ക്ക് ജി സ്മാരകം നിര്‍മിച്ചത്.
മേയര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷനായി. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, പ്രൊഫ. എം.കെ. സാനു, മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്, മുന്‍ മേയര്‍ സി.എം. ദിനേശ് മണി, മുന്‍ ഡെപ്യൂട്ടി മേയറും മഹാകവി ജി.യുടെ കൊച്ചുമകളുമായ ബി. ഭദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക