ചെന്നൈ: അമ്പതാണ്ടുകള്‍ക്ക് ശേഷം കാവേരി നോര്‍ത്ത് വൈല്‍ഡ്ലൈഫ് സാങ്ച്വറിയില്‍ വീണ്ടും കടുവകളെ കണ്ടതായി റിപ്പോര്‍ട്ട്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലുള്ള ജവലഗിരി റേഞ്ചിലാണ് രണ്ട് ആണ് കടുവകള്‍ ക്യാമറ ട്രാപ്പില്‍ പതിഞ്ഞത്. കഴിഞ്ഞ മാസമാണ് കടുവകളുടെ ചിത്രം നിരീക്ഷണസംവിധാനങ്ങളില് പതിഞ്ഞത്. 1970കളിലാണ് ഏറ്റവുമൊടുവിലായി പ്രദേശത്ത് കടുവകളെ രേഖപ്പെടുത്തിയതെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.
കടുവകളുടെ സഞ്ചാരപാതയടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പട്രോളിങ് സംഘത്തെ രൂപീകരിച്ചതായും ഹൊസൂര്‍ വൈല്‍ഡ്ലൈഫ് വാര്ഡന് പറഞ്ഞു. കൂടുതല്‍ ക്യാമറകള്‍ മേഖലയില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കാവേരി നോര്‍ത്ത് വന്യജീവി സങ്കേതത്തില്‍ ഇരകളുടെ ലഭ്യത, ജലലഭ്യത പോലുള്ള അനുകൂല ഘടകങ്ങളുണ്ട് എന്നതിന്റെ സൂചനയാണിതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുന്നുവെന്ന സൂചനയാണ് പുതിയ കണ്ടെത്തലെന്നും വന്യജീവി വിദഗ്ധര്‍ അവകാശപ്പെടുന്നു. കടുവകളുടെ സ്ഥിരം സഞ്ചാരപാതയായ ടൈഗര്‍ കോറിഡോറുകള്‍ അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികള്‍ പാടെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതും ഗുണം ചെയ്തു.
സത്യമംഗലം കടുവ സങ്കേതത്തില്‍ നിന്ന് മറ്റ് പ്രദേശങ്ങള്‍ തേടിയിറങ്ങുന്ന കടുവകള്‍ക്ക് കാവേരി നോര്‍ത്ത്, സൗത്ത് വന്യജീവി സങ്കേതങ്ങള്‍ മറ്റൊരു വാസസ്ഥലമായി മാറുന്നുവെന്നാണ് അധികൃതരുടെ നിഗമനം. ഭാവിയില്‍ കടുവകളുടെ എണ്ണം കൂടുകയാണെങ്കില്‍ ഈ ആവാസവ്യവസ്ഥകള്‍ സുരക്ഷിതമാക്കേണ്ടത് ഗൗരവമേറിയ വിഷയമാണെന്നും വന്യജീവി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,167 കടുവകളാണുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: