ദുര്‍ഘടയാത്ര പൂര്‍ണ്ണമായി. എങ്കിലും ഇപ്പോഴും അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ പലതും പൊന്തിവരുന്നുണ്ട്. എപ്പോഴും മരണത്തെ അടുത്തുകണ്ടുകൊണ്ടിരുന്നാല് വ്യര്ത്ഥചിന്തകളുടെ പിന്നാലെ പായുന്ന മനസ്സിന്റെ മൃഗതൃഷ്ണ ഒഴിവാക്കാമെന്നു ചിന്തിച്ചു പോകാറുണ്ട്. ജീവിതലക്ഷ്യത്തിലേയ്ക്കുള്ള യാത്രയും ഞങ്ങളുടെ ഇന്നത്തെ യാത്രപോലെയാണ്. ഇതില്‍ ഓരോ ചുവടുവയ്പും അത്യന്തം ശ്രദ്ധാപൂര്വമായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചുവടെങ്കിലും തെറ്റിയാല്‍ അഥവാ അബദ്ധം പറ്റിയാല്‍ മനുഷ്യജീവിതം അതിന്റെ മഹത്തായ ലക്ഷ്യത്തില്‍ നിന്നും വഴുതി അഗാധഗര്‍ത്തത്തില്‍ വീണുപോയെന്നു വരാം. ജീവിതത്തിനോടു പ്രിയമുണ്ടെങ്കില്‍ അതു ചാരിതാര്ത്ഥ്യമാക്കാന് ഒരു മാര്‍ഗ്ഗമേ ഉള്ളു. അതായത് നമ്മെത്തന്നെ ശരിയായി നിയന്ത്രിച്ചുകൊണ്ട് ഈ ഇടുക്കുപാതയിലൂടെ നടന്ന് അപ്പുറമെത്തുക. അതുകഴിഞ്ഞാല്‍ പിന്നെ സമാധാനത്തോടെ യാത്രതുടരാം. മനുഷ്യ ജീവിതം ഗംഗാനദിയുടെ തീരത്തെ കുത്തനെയുള്ള ഇടുക്കുപാതയിലൂടെ നടക്കുന്നവരുടേതുപോലെ ഉത്തരവാദിത്ത പൂര്‍ണ്ണമാണ്. ഇതു ശരിയായി നിര്‍വഹിച്ചെങ്കില്‍ മാത്രമേ സന്തുഷ്ടരായി കഴിയാനും ഉദ്ദിഷ്ട തീര്‍ത്ഥസ്ഥാനം ദര്‍ശിക്കാമെന്ന് ആശിക്കാനും പറ്റുകയുള്ളു. സൂക്ഷ്മതക്കുറവ് സംഭവിച്ചാല്‍, ജീവിതലക്ഷ്യം പ്രാപിക്കാമെന്ന് ആശിക്കാനാവാത്തവണ്ണം ഇടുങ്ങിയതാണ.് കര്‍ത്തവ്യ പാലനത്തിന്റെ നടപ്പാത. ധര്‍മ്മത്തെ പര്‍വതത്തിന്റെ തൂക്കായ ചുമരിനെയെന്നപോലെ മുറുകെ പിടിച്ചു നടന്നാല്‍ സമതുലിതാവസ്ഥ നിലനിര്‍ത്താന്‍ പറ്റും. അപ്രകാരം ചെയ്താല്‍ അപകടത്തിലേക്ക് ചരിയാനുള്ള സാദ്ധ്യത കുറയും. വിഷമഘട്ടത്തില്‍ ഈ ചുവരിന്റെ ആശ്രയം ചില്ലറയല്ല. ധാര്‍മ്മിക വിശ്വാസവും ലക്ഷ്യപ്രാപ്തിക്കു വളരെയേറേ സഹായകമാണെന്നു കരുതപ്പെടുന്നു.
തിളങ്ങുന്ന വെള്ളിമല
ഇന്നു ‘സുക്കി’ താവളത്തിലെ ധര്‍മ്മശാലയുടെ മേലത്തെ നിലയിലുള്ള മുറിയില്‍ താമസിച്ചു. മുന്നിലായി ഹിമം നിറഞ്ഞ പര്‍വതശിഖരം കാണപ്പെട്ടു. മഞ്ഞുരുകി മെല്ലെ ജലമായി രൂപാന്തരപ്പെട്ടു അരുവിയായി താഴേക്കു ഒഴുകുന്നുണ്ടായിരുന്നു. അത് ദൂരെനിന്ന് നോക്കുമ്പോള്‍ പതയുള്ള പാല് മേലോട്ടുപൊന്തിവരുന്നതായി തോന്നുമായിരുന്നു. കാഴ്ച വളരെ മനോഹരമായിരുന്നു, കണ്ണിനു കുളിര്‍മ പകരുന്നതായിരുന്നു.
ഞങ്ങള്‍ക്ക് താമസിക്കാന്‍ തന്ന മുറിയില്‍ നിന്നും മൂന്നാമതുള്ള മുറിയില്‍ മറ്റു യാത്രക്കാര്‍ താമസിച്ചിരുന്നു. അവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു, ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. അവര്‍ക്ക് പത്തും പന്ത്രണ്ടും വയസ്സ് പ്രായം കാണുമായിരിക്കണം. അവരുടെ അച്ഛനും അമ്മയും തീര്‍ത്ഥാടനത്തിലായിരുന്നു. ഈ പ്രദേശത്തു കൂലിക്കാര് തങ്ങളുടെ പുറത്തുവഹിച്ചു കൊണ്ടുനടക്കുന്ന ‘കന്ദ്രി’ എന്ന പേരിലറിയപ്പെടുന്ന ഒരു വാഹനത്തിലിരുന്നാണ് കുട്ടികള്‍ എത്തിയത്. അവര്‍ പ്രസന്നവദനരും സംസാരപ്രിയരും ആയിരുന്നു.
ഈ തിളങ്ങുന്ന പര്‍വതം ഏതു വസ്തുകൊണ്ടുണ്ടാക്കിയതാണെന്നതിനെപ്പറ്റി രണ്ടുപേരും തമ്മില്‍ വാദപ്രതിവാദം നടക്കുകയായിരുന്നു. ധാതുഖനികള്‍ പര്വതങ്ങളിലാണുളളതെന്ന് അവര്‍ കേട്ടിട്ടുണ്ടായിരുന്നു. ആണ്‍കുട്ടിയുടെ ന്യായമനുസരിച്ച് ആ പര്‍വതം വെള്ളി കൊണ്ടുള്ളതാണ്. പെണ്‍കുട്ടിക്ക് ഇതില്‍ സംശയം തോന്നി. അവളുടെ അഭിപ്രായത്തില്‍ ഇത് വെള്ളികൊണ്ടുള്ളതാകാന് ന്യായമില്ല. കാരണം ഇത്രമാത്രം വെള്ളി ഇങ്ങനെ തുറസ്സായി കിടന്നാല്‍ ആരെങ്കിലും തീര്‍ച്ചയായും ഇതെല്ലാം എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കും. അവള് ആണ്‍കുട്ടിയുടെ നിഗമനത്തോട് യോജിക്കാതെ ശഠിച്ചുകൊണ്ടു നടന്നുപോയി.
ഇവരുടെ വാദവിവാദം എനിക്കു വളരെ രസിച്ചു. കുട്ടികളും വളരെ ഓമനത്വമുള്ളവരായിരുന്നു. കുട്ടികളെ അടുക്കല്‍ വിളിച്ച്, പര്‍വതം പാറകൊണ്ടുള്ളതാണെന്നും വളരെ ഉയരം കൂടിയതായതിനാല്‍ അതിന്റെ പുറത്ത് മഞ്ഞുവീണുറഞ്ഞു കിടക്കുകയാണെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. ചൂടുകാലത്ത് മഞ്ഞുരുകി ഒലിച്ചുപോകുകയും തണുപ്പുകാലത്ത് വീണ്ടും മഞ്ഞുവീണ് മൂടുകയും ചെയ്യുന്നു. ആ മഞ്ഞാണ് തിളങ്ങി വെള്ളിപോലെ കാണുന്നത്. കുട്ടികള്‍ക്ക് ഒരു സംഗതി അറിവായി എങ്കിലും അതിനെ തുടര്‍ന്ന് നിരവധി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. നാമും അവരുടെ അറിവു കൂട്ടുന്നതിനായി പര്‍വതങ്ങളെ സംബന്ധിച്ച വളരെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.
കുട്ടിക്കാലത്ത് മനുഷ്യന്റെ ബുദ്ധി എത്രമാത്രം അവികസിതമാണെന്ന് ആലോചിക്കുകയാണ്. വെറും മഞ്ഞുകട്ട വിലയേറിയ വെള്ളിക്കട്ടയാണെന്ന് ധരിച്ചുപോകുന്നു. പ്രായമായവര്‍ അങ്ങനെയല്ല. അവര്‍ കാര്യങ്ങളെപ്പറ്റി ഗഹനമായി ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഇത്രയും ബോധം കുട്ടിക്കാലത്ത് തന്നെ ഉണ്ടായിരുന്നെങ്കില്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇത് എന്തുമാത്രം പ്രയോജനപ്പെടുമായിരുന്നു.
എന്നാല്‍ നമ്മുടെ ഈ വിചാരവും തെറ്റുതന്നെയാണ്. കാരണം മുതിര്‍ന്നവരായി കഴിഞ്ഞാല്‍ തന്നെ മനുഷ്യര്‍ക്കെവിടെയാണ് ബോധം? ഈ കുട്ടികള്‍ മഞ്ഞുകട്ടയെ വെള്ളിയെന്നു ധരിച്ചതുപോലെ വെള്ളിയും ചെമ്പും ഇന്ദ്രിയജന്യമായ വികാരങ്ങളും ഒരു വിലയുമില്ലാത്ത അഹങ്കാരവും തുച്ഛമായ ശരീരവും എത്രമാത്രം പ്രാധാന്യമുള്ളതായി കരുതുന്നു! അതില്‍ ആകൃഷ്ടരായി ജീവിതലക്ഷ്യം തന്നെ മറന്ന്, ഭാവി അന്ധകാരമയമായി തീരുമെന്നതിനെപ്പറ്റി ഗൗനിക്കാതെ കഴിയുന്നു!
കൊച്ചുകുട്ടികള്‍ മണ്ണുകൊണ്ടുള്ള കളിക്കോപ്പുകളുമായി കളിക്കുന്നതിലും കടലാസു വഞ്ചികള്‍ ഒഴുക്കുന്നതിലും രസിച്ചിരിക്കുന്നതില് കൂടുതലായി നമ്മുടെ മനസ്സ് ലോകത്തിലെ ക്ഷണികവും അര്‍ത്ഥശൂന്യവുമായ ആകര്‍ഷണങ്ങളില്‍ മുഴുകിപ്പോകുന്നു. എഴുത്തും, പഠിപ്പും, ആഹാരവുംവിട്ട് പട്ടം പറപ്പിച്ചു നടക്കുന്ന കുട്ടികളുടെ വിവരക്കേടിന് രക്ഷാകര്ത്താക്കള് അവരെ ശാസിക്കാറുണ്ട്. എന്നാല്‍ ആത്മീയോത്ക്കര്‍ഷം മറന്ന് വിഷയ വികാരങ്ങളുടെ താളത്തിനുതുള്ളുന്ന കളിപ്പാവകളായി തീര്‍ന്നിരിക്കുന്ന, മുതിര്‍ന്നവരായ നമ്മെ ആരു ശാസിക്കാനാണ്? മഞ്ഞുകട്ട, വെള്ളിക്കട്ടയല്ലെന്ന് മനസ്സിലായതോടെ കുട്ടികളുടെ സംശയം മാറി. എന്നാല്‍ നമ്മുടെ ജീവിതലക്ഷ്യം ആസക്തിയും ഭോഗലാലസയുമല്ലെന്നും ഇതെല്ലാം വെറും ഭ്രമമാണെന്നും ആരു മനസ്സിലാക്കിത്തരും?
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: