ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസും.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ബിജെപി നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന് പ്രഖ്യാപിച്ചത്. രാജ്യസഭയില്‍ ചര്‍ച്ചക്കിടെയായിരുന്നു ഖാര്‍ഗെയുടെ ഈ പരാമര്‍ശം. നിങ്ങള്‍ക്ക് 330-334 സീറ്റുകളോടെ ഭൂരിപക്ഷമുണ്ട്. ഇത്തവണ അത് 400ന് മുകളിലാകുമെന്നാണ് ഖാര്‍ഗെ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഈ സമയം സഭയിലുണ്ടായിരുന്നു. ഖാര്‍ഗെയുടെ ഈ പ്രസംഗം കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിക്കുന്നതും ഭരണപക്ഷാംഗങ്ങള്‍ ആഹ്ലാദാരവം മുഴക്കുന്നതുമായ ദൃശ്യങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്.
2014ല്‍ 282 സീറ്റുകള്‍ നേടിയ ബിജെപി 2019ല്‍ അത് 303 സീറ്റായി ഉയര്‍ത്തിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മൂന്നാം തവണയും മോദി സര്‍ക്കാര്‍ നാനൂറിലധികം സീറ്റുകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി പ്രചാരണം ആരംഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ ബിജെപി നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: