തിരുവനന്തപുരം: ഭാവനാസമ്പന്നനായ ഒരു വ്യക്തിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തിക തലത്തില്‍ കൊണ്ടുവരികയും, അദ്ദേഹത്തിന്റെ ഭാവനയിലെ സ്വരാഷ്ട്രം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടിലേക്കുള്ള ചുവടുവയ്പ്പുമാണ് 2024ലെ കേന്ദ്ര ബജറ്റെന്ന് റിട്ട. സെന്‍ട്രല്‍ ജിഎസ്ടി സൂപ്രണ്ട് ജെ. സോമശേഖരന്‍പിള്ള അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കേന്ദ്രബജറ്റിന്റെ അവലോകന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മൂന്ന് ബില്ലുകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു എന്നത് ഭാരതത്തിന്റെ കാര്‍ഷികമേഖലയ്ക്ക് പുതുജീവന്‍ പകരുന്നു. സ്വാശ്രയ മേഖലയില്‍ സ്ത്രീകളുടെ വികസനത്തിനുവേണ്ടി കൊണ്ടുവന്ന മുദ്രാ ലോണും അനുബന്ധ പദ്ധതികളും ഭാരതത്തിലെ സ്ത്രീകള്‍ പ്രവര്‍ത്തന മേഖലകളിലേക്ക് കൂടുതലായി എത്തുന്നതിന് കാരണമായി. ജിഎസ്ടി വന്ന ശേഷം ഏറ്റവുമധികം പ്രയോജനം ലഭിച്ചത് കേരളത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും ആത്മവിശ്വാസത്തോടുകൂടി അവതരിപ്പിക്കപ്പെട്ട ബജറ്റെന്ന പ്രത്യേകത 2024ലെ കേന്ദ്ര ബജറ്റിന് ഉണ്ടെന്ന് ഐഎസ്എസ്ടി അസോ. പ്രൊഫ. ഡോ. ഷൈജുമോന്‍ പറഞ്ഞു. അമൃതകാലത്തിലേക്കുള്ള കാല്‍വയ്പ്പാണിത്. സോഷ്യല്‍ ഇന്‍ക്ലൂസിവിറ്റി, ജോഗ്രഫിക്കല്‍ ഇന്‍ക്ലൂസിവിറ്റി എന്നീ രണ്ട് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഭാരതത്തെ പുരോഗതിയില്‍ എത്തിക്കും. നമ്മുടെ വികസനം നമ്മുടെ വിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണമെന്ന ധനമന്ത്രിയുടെ കാഴ്ചപ്പാട് ഭാരതത്തിന്റെ സമഗ്ര പുരോഗതിയെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മലാ സീതാരാമന് 2024ല്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് പത്തുവര്‍ഷം ഇവിടെ ഭരിച്ച ഒരു ഭരണകൂടത്തിന് തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് ആറ്റിങ്ങല്‍ ഗവ. കോളജ് ധനതത്വശാസ്ത്രം അസോ. പ്രൊഫ. ഡോ. പ്രിയേഷ് സി.എസ്. പറഞ്ഞു. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരു കോട്ടവും ഉണ്ടാകില്ലെന്ന സൂചനയും ബജറ്റ് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ജയമണി അധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി അധ്യക്ഷന്‍ വിനോദ് കുമാര്‍, എക്സി. മെമ്പര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: