ആറ്റിങ്ങല്‍: മലയോരം മുതല്‍ കടലോരം വരെയുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളുടേയും ജയ്‌വിളികളുടെയും അകമ്പടിയില്‍ അണിനിരന്നതോടെ ആറ്റിങ്ങലില്‍ ആവേശക്കടല്‍ അലയടിച്ചു. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ആറ്റിങ്ങലിന്റെ മണ്ണിലൊരുക്കിയത് ആവേശോജ്ജ്വല സ്വീകരണം. പുഷ്പാര്‍ച്ചന നടത്തിയും പുഷ്പകിരീടവും ഉടവാളും നല്കിയുമാണ് പ്രവര്‍ത്തകര്‍ സുരേന്ദ്രനെ വരവേറ്റത്. മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പോലും പറയുന്നത് പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ജാവദേക്കര്‍ പറഞ്ഞു.
കേരള പദയാത്ര നടക്കുന്നത് മോദി നടപ്പിലാക്കിയ ഗ്യാരണ്ടി ഉയര്‍ത്തിപ്പിടിച്ചാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ ലൈഫ് മിഷന്റെ പേരില്‍ പണം കൊള്ളയടിക്കുകയാണ്. നാലു ലക്ഷം നല്കാന്‍ പണമില്ലാത്തവര്‍ക്ക് ഒന്നര കോടി നല്കി ബസ് വാങ്ങാനും കോടികള്‍ ചെലവിട്ട് യാത്ര നടത്താനും പണമുണ്ട്. പിണറായി വിജയനെ വിശ്വസിച്ച് കടമെടുത്ത് വീട് പണിക്കിറങ്ങിയവര്‍ കടക്കെണിയിലായി. അവര്‍ക്ക് മോദിസര്‍ക്കാരിന്റെ കൈത്താങ്ങാണ് കേന്ദ്ര ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ രണ്ട് മുന്നണികളും ചേര്‍ന്ന് കൊള്ള നടത്താന്‍ മത്സരിക്കുകയാണെന്ന് പദയാത്ര നായകന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. മാസപ്പടിയില്‍ ഉള്‍പ്പെടെ അഴിമതിയുടെ കാര്യത്തില്‍ ഇടത്‌വലത് മുന്നണികള്‍ പരസ്പര സഹകരണമാണ് നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആര്‍എസ്പി നേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇ. ശ്രീധരന്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് എത്തി. ഇവരെ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഷാളയണിച്ച് സ്വീകരിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് അധ്യക്ഷനായി. എന്‍ഡിഎ വൈസ് ചെയര്‍മാനും കാമരാജ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എസ്ആര്‍എം അജി, ശിവസേന സംസ്ഥാന അദ്ധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുരുവിള മാത്യൂസ്, എസ്‌ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ വി.വി. രാജേന്ദ്രന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
മാമം മൈതാനത്ത് നിന്നും ആരംഭിച്ച പദയാത്ര പൂവമ്പാറയില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ പ്ലക്കാര്‍ഡുമേന്തി ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പദയാത്രയില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങള്‍ അണിനിരന്നു.
രാവിലെ വര്‍ക്കലയിലെ ജനാര്‍ദ്ദസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശിവഗിരിയിലെത്തിയ സുരേന്ദ്രന്‍ ഗുരുസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. സന്യാസിവര്യന്മാരില്‍ നിന്നും അനുഗ്രഹം തേടിയശേഷം എന്‍എസ്എസ് ചിറയിന്‍കീഴ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജി. മധുസൂധനന്‍പിള്ള, യോഗീശ്വരസഭാ നേതാക്കള്‍, കെപിഎംഎസിന്റെ താലൂക്ക് യൂണിയന്‍ നേതാക്കള്‍, കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭാ നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കിളിമാനൂരില്‍ ഇസ്ലാമികഭീകര്‍ കൊലപ്പെടുത്തിയ സുനില്‍കുമാറിന്റെ ഭവനത്തിലെത്തി ചിത്രത്തില്‍ പുഷ്പാര്‍ച്ചന യും നടത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പദയാത്രയിലുടനീളം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: