സംഘവുമായി അറിവുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് ഹരിയേട്ടന് എന്നു പറയുമ്പോള്‍ മനോമുകുരത്തില്‍ തെളിയുന്നത് ഒരേയൊരാളായിരിക്കും. ജീവിതം മുഴുവന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ ഹിന്ദു സമാജത്തിന് സമര്‍പ്പിച്ച രംഗാ ഹരി എന്ന ആര്. ഹരി. അദ്ദേഹവുമായി ബന്ധപ്പെട്ട് ചെലവഴിക്കാന്‍ കഴിഞ്ഞ ദിനങ്ങള്‍ അമൂല്യമാണ്. 1952 ന്റെ അവസാന ദിനങ്ങളിലാണ് അദ്ദേഹവുമായി പരിചയപ്പെടാനുള്ള അവസരമുണ്ടാകുന്നത്. അന്നു മുതല്‍ ആ ഭൗതിക ജീവിതം അവസാനിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുമ്പെ എളമക്കരയിലെ പ്രാന്തകാര്യാലയത്തിലെത്തി അദ്ദേഹത്തെ കണ്ട് ഏതാനും മണിക്കൂര്‍ ഒരുമിച്ചു കഴിയാനും അവസരമുണ്ടായി. അതവസാനത്തെ കൂടിക്കാഴ്ചയായിരിക്കുമെന്ന് കരുതിയില്ല.
ഹരിയേട്ടനുമായി പരിചയപ്പെടാനിടയായതെങ്ങനെയെന്ന് ആലോചിച്ച് ഒട്ടേറെ സമയം ചെലവാക്കി. അതു മുഴുവന്‍ എഴുതിവയ്ക്കാനുള്ള ശ്രമമായിരുന്നു പിന്നെ. എഴുതാനുള്ള അക്ഷരവടിവ് നഷ്ടമാകുന്നതു തന്നെ കഴിഞ്ഞ ആറുമാസമായുള്ള പ്രത്യേകതയാണ്.
ഞാന്‍ തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് സ്വയംസേവകനായത്. 1952 ന്റെ അവസാനദിനങ്ങളില്‍ കൊല്ലം ശ്രീനാരായണ കോളജില്‍ ഹേമന്ത ശിബിരം നടക്കുന്നു. അതില്‍ അന്ന് സര്‍കാര്യവാഹ് ആയിരുന്ന മാന്യ ഭയ്യാജി ദാണി കേന്ദ്രീയ അധികാരിയായി പങ്കെടുക്കുന്നു. കോളജ് ക്രിസ്മസ് അവധിയുടെ അവസാന ദിനങ്ങളിലാണ്. വീട്ടില്‍ നിന്ന് ഒരു ദിവസം നേരത്തെ പുറപ്പെട്ടാല്‍ കൊല്ലത്തെത്താം. ഞാന്‍ കോളജില്‍ എത്തിയപ്പോള്‍ അവിടെ ശിബിര ചുമതലയുള്ളവര്‍ മാത്രമാണ് എത്തിയിട്ടുള്ളത.് പഴയ തിരു-കൊച്ചി സംസ്ഥാനവും മധുര, തിരുനെല്‍വേലി, രാമനാട് ജില്ലക്കാരുമാണ് ശിബിരത്തില്‍ പങ്കെടുക്കേണ്ടത്. ആഹാരം കഴിക്കാനുള്ള പാത്രങ്ങള്‍ കൊല്ലം ചിന്നക്കടയില്‍ പോയി ഞാന്‍ വാങ്ങിച്ചു. തീവണ്ടിയിലും ബസ്സുകളിലുമായി രാത്രി പത്ത് മണിയോടെ സ്വയംസേവകര്‍ എത്തി. തലസ്ഥാന നഗരക്കാര്‍ക്ക് വേണ്ടി ഒരു ക്ലാസ്മുറിയാണ് കിട്ടിയത്. ഞങ്ങളുടെ മുഖ്യശിക്ഷക് ജി. കൃഷ്ണമൂര്‍ത്തി എന്നെ പിടികൂടി കിടക്കേണ്ട സ്ഥലം കാട്ടിത്തന്നു. സംസ്കൃത കോളജ് വിദ്യാര്‍ത്ഥി എം. എ. കൃഷ്ണനായിരുന്നു തൊട്ടടുത്ത്. അന്നാരംഭിച്ച അടുപ്പം ഇന്നും അത്ര തന്നെ ഗാഢമായി എം. എ. സാറുമായി തുടരുന്നു. പിറ്റേന്ന് ശിബിരത്തിന്റെ മുഖ്യശിക്ഷക് എസ്. ജി. സുബ്രഹ്മണ്യന് വെടിപൊട്ടുന്ന ശബ്ദത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. കുറേപ്പേരുടെ പേരുകള്‍ വിളിച്ചു പറഞ്ഞു. ‘സര്‍വോത്തം ഷേണായ്, പുരുഷോത്തമ ഷേണായ്, ഹരി ഷേണായ്, വെങ്കിടേശ്വര് ഷേണായ്’ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ദിവാകര്‍ കാമത്ത്, രാമചന്ദ്രന്, ഗംഗാധരന് മുതലായവരുടെയും പേരുകള്‍ വിളിച്ചു. അതില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും ആറടിക്കാരായ ആജാനബാഹുക്കളായിരുന്നു. പുരുഷോത്തമനും ഹരിയും ജ്യേഷ്ഠാനുജന്മാരാണെന്ന് മനസ്സിലാകും. ഉദ്ദണ്ഡ ശാസ്ത്രികള്‍ സാമൂതിരിയുടെ സദസ്സില്‍ കയറിവന്ന കാക്കശ്ശേരി ഭട്ടതിരിയെക്കണ്ട് ആകാരോ ഹ്രസ്വഃ എന്ന് പറഞ്ഞ് പരിഹസിക്കുകയും ‘നഹി നഹ്യാകാരോ ദീര്‍ഘഃ ആകാരോ ഹ്രസ്വഃ എന്നു മറുപടി നല്കി പണക്കിഴി വാങ്ങിയ കഥ എം. എ. കൃഷ്ണനെ ഓര്‍മിപ്പിച്ചു. അതങ്ങിനെ തന്നെയാണ്, ഹരി ഷേണായി അപാര പണ്ഡിതനാണെന്ന് എം. എ. കൃഷ്ണനും പറഞ്ഞു.
ശിബിരം അതിന്റേതായ രീതിയില്‍ കടന്നുപോയി. ആ ശിബിരത്തില്‍ ഓര്മ നിലനിറുത്തുന്ന ഒന്നു രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്. രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ ഹിന്ദു ജനതയ്ക്കൊക്കെ ആശയും പ്രതീക്ഷയും ഉയര്‍ത്തിയ ഹിന്ദു മഹാമണ്ഡലത്തിന്റെ മരണമണി അന്ന് മുഴങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും ശിബിരം ഉദ്ഘാടനം ചെയ്ത ആര്. ശങ്കറും സമാപനച്ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്നത്ത് പത്മനാഭനും ആകാമാന ഹിന്ദു സമൂഹത്തിന്റെ ഭാവിയ്ക്ക് സംഘത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നതെന്ന് പറഞ്ഞു.
ശിബിരത്തില്‍ പങ്കെടുത്തവര്‍ക്ക് പുതിയ ഒരു ഗണഗീതം ലഭിച്ചു. മധുരയില്‍ പ്രചാരകനായിരുന്ന ദിനകര്‍ ബുഝേ പാടിയ പുതിയ ഗണഗീതം
സാഗരവസനാ പാവന ദേവി
സരസ സുഹാവന ഭാരത മാ
ഹിമഗിരി പീനപയോധര വത്സല
ജനമന പാവന ഭാരത മാ
തമിഴ്നാട്ടില്‍ പിന്നീട് പ്രാന്തപ്രചാരകനും ഹിന്ദു മുന്നണി സംയോജകനുമൊക്കെയായിത്തീര്‍ന്ന ഗോപാല്‍ജി എന്ന ഇരാമ ഗോപാലന് അതിന് ഹൃദയഹാരിയായ തമിഴ് വിവര്‍ത്തനവും സൃഷ്ടിച്ചു. കൊല്ലം ശിബിരത്തിന്റെ അവസാനമായപ്പോഴേക്കും അദ്ദേഹം അതു പാടി സകലരെയും വിസ്മയചകിതരാക്കി
അണ്ഡം വണങ്കിടും ശക്തി പടൈത്തലം
പാവന പാരത അന്നെ യേ
മുക്തിര ഹസിയം ഉലകുക്ക് അളുത്ത നീ
തന്നെ മറന്തനി വാഴ്വതു മേ
എന്ന പല്ലവിയോടെ തുടങ്ങിയ ആ ഗീതം ഉള്ളടക്കത്തില്‍ ഹിന്ദിയുടെ അതേ ഭാവമുള്‍ക്കൊള്ളുന്ന തനിമയാര്‍ന്ന ഗീതമാണ്. ഇപ്പോഴത് കുറേക്കാലമായി പാടിക്കേള്‍ക്കാറില്ല.
ശിബിരത്തിനു ശേഷം തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വയംസേവകര്‍ തീവണ്ടിയില്‍ മടങ്ങി. കോളജുകള്‍ തുറന്ന് പഠനമാരംഭിച്ചു. അടുത്ത ഞായറാഴ്ച സാംഘിക്കിന് ഞാന്‍ പതിവു പോലെ പുത്തന്‍ചന്ത ശാഖയില്‍ പോയി. അവിടെ അതാ പുരുഷോത്തം ഷേണായിയും ഹരി ഷേണായിയും! ശാഖാവസാനത്തില്‍ അവര്‍ പരിചയപ്പെട്ടു. ഹരി ഷേണായി പഠനം കഴിഞ്ഞ് പ്രചാരകനാണ്. പുരുഷോത്തമന് പഠനം കഴിഞ്ഞിട്ടില്ല. ചെറിയ എന്തോ തൊഴില്‍ ചെയ്യുന്നു. ഹരി ഷേണായിയാണ് ശാഖയില്‍ സംസാരിച്ചത്. സംഘത്തിന്റെ രീതിയനുസരിച്ച് പേരിനൊപ്പം ജാതി സംബന്ധിയായ സൂചന തരുന്ന വാക്കുകള്‍ ചേര്‍ത്തു പറയാതിരിക്കാനുള്ള ശീലമുണ്ടാക്കണം എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെയും എറണാകുളത്തെയും മലയാളഭാഷണ ശൈലിയെപ്പറ്റി വ്യാകരണ ഗ്രന്ഥങ്ങളിലും ചട്ടമ്പി സ്വാമികളുടെ പുസ്തകത്തിലും മാത്രമല്ല, സാഹിത്യ കൃതികളില്‍ നിന്നൊക്കെ മനസിലാകുമല്ലോ. തീര്‍ഥയാത്രയിലായിരുന്ന കുടുംബത്തിനൊപ്പമാണ് ഹരിയേട്ടന് തിരുവനന്തപുരത്ത് വന്നത്. ഗൗഡസാരസ്വത സമുദായാംഗങ്ങള്‍ക്ക് ധാര്‍മ്മിക കാര്യങ്ങള്‍ക്കായുള്ള തിരുമല ദേവസ്വം ട്രസ്റ്റിന്റെ കീഴിലുള്ള നരസിംഹവിലാസ ട്രസ്റ്റിലായിരുന്നു താമസം.
ഞാന്‍ തൊടുപുഴക്കാരനാണെന്നറിഞ്ഞപ്പോള്‍ ഹരിയേട്ടന് വീട്ടുവിലാസം കുറിച്ചെടുത്തു. ഏതാനും മാസങ്ങള്‍ക്ക് ശേഷം പരീക്ഷയ്ക്കായി കോളജ് അടച്ചിരിക്കെ വീട്ടുവിലാസത്തില്‍ തൊടുപുഴയ്ക്ക് ഒരു കാര്‍ഡ് വന്നു. ആലുവായില്‍ നിന്നാണ്. അയച്ചത് ആര്. ഹരിയും. കെ. സദാനന്ദന് പിള്ള, ആനന്ദമന്ദിരം, തോട്ടയ്ക്കാട്ടുകര, ആലുവാ എന്ന വിലാസത്തില്‍ നിന്നാണ് കാര്‍ഡ് വന്നത്. മാനനീയ അണ്ണാജി (എ. ദക്ഷിണാമൂര്‍ത്തി) ആലുവയില്‍ വരുന്നു. അദ്ദേഹവുമായി ഒരുമിച്ചിരിക്കാന്‍ വന്നാല്‍ നന്നായിരിക്കുമെന്നാണു താത്പര്യം. അതില്‍ പങ്കെടുക്കാന്‍ എന്തോ അസൗകര്യമുണ്ടായിരുന്നു. വിവരമറിയിച്ച് കത്തെഴുതി.
ഇതിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ ബന്ധം പുലര്‍ത്തിയില്ലെന്നു പറയാം. എന്റെ ഭാവി എങ്ങിനെയായിരിക്കുമെന്ന് അന്ന് രൂപപ്പെട്ടിരുന്നില്ല. സ്വന്തം നാട്ടില്‍ സംഘശാഖ ആരംഭിക്കണമെന്നായിരുന്നു മോഹം. പഠിത്തം പൂര്‍ത്തിയാക്കുകയും വേണ്ടിയിരുന്നല്ലോ.
(അടുത്തത് ഗുരുവായൂരിലെ കൂടിക്കാഴ്ച)
പ്രതികരിക്കാൻ ഇവിടെ എഴുതുക: