അഭൗമമായ ദര്‍ശനമായിരുന്നു അത്. ജീവന് തുടിക്കുന്ന പ്രതിഷ്ഠ. ദേവനെ തൊഴുന്നതിന് മുന്‍പ് ശില്പ്പിയെ തൊഴാന്‍ തോന്നും. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അത്ഭുതകരമാണ്. അക്ഷര്‍ധാമിലെ മഹാക്ഷേത്രത്തിനൊത്ത നിര്‍മ്മാണ ചാരുത. നിര്‍മ്മിതിയുടെ സൂക്ഷമഭാവങ്ങളില്‍ ശ്രദ്ധിച്ചുണ്ടാക്കിയ ദേവതാ ശില്പ്പങ്ങള്. മാര്‍ബിളില്‍ പണിത നയനമനോഹരമായ കാഴ്ച. ജീവന് തുടിക്കുന്ന ശില്‍പ്പങ്ങളാണ് രാമക്ഷേത്രത്തെ അഭൗമമാക്കുന്നത്. വലിയൊരു വീണ്ടെടുക്കലിന്റെ അവസാനം അഭിമാനകരമായി മാറിയിരിക്കുന്നു.
ഭവ്യമായ രാമക്ഷേത്രത്തിന്റെ വീണ്ടെടുക്കല്‍ അയോദ്ധ്യയെ പരിപൂര്‍ണ്ണമായും മാറ്റിയിരിക്കുന്നു. സാകേത തലസ്ഥാനത്ത് ശ്രീരാമ ജന്മസ്ഥാനത്ത് അതിഭവ്യമായ നിലയില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആ മാറ്റം തിരിച്ചറിയാന്‍ കഴിഞ്ഞു. യുഗാബ്ദം 5125 പൗഷ മാസത്തിലെ ശുകഌപക്ഷ ദ്വാദശിയില്‍ അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണപ്രതിഷ്ഠ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭാരതത്തിന്റെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട എണ്ണായിരത്തിലധികം പേര് പങ്കെടുത്തതായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍.
കേരളത്തില്‍നിന്ന് ഇരുപത്തിയഞ്ച് സംന്യാസിമാരാണ് ചടങ്ങില്‍ പങ്കെടുത്തത്. സംന്യാസിമാരല്ലാതെ പലരും ചടങ്ങില്‍ പങ്കെടുക്കാനെത്തി. വിവിധ പരമ്പരകളില്‍പ്പെട്ട നാലായിരത്തിലധികം സംന്യാസിമാര്‍ അയോദ്ധ്യാ നഗരിയിലെത്തി. വൈഷ്ണ ശൈവാദി വിഭാഗങ്ങള്‍, കര്‍മ്മകാണ്ഡികള്‍, വേദജ്ഞന്മാര്, കാഷായ വസ്ത്രധാരികളായ നൂറുകണക്കിന് പരമ്പരകളിലെ സംന്യാസിവര്യന്മാര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദീപാലംകൃതമായ വീഥികള്‍
കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യവും സമ്പന്നമായിരുന്നു. ശ്രീരാമകൃഷ്ണ മഠം, ചിന്മയമിഷന്, ശിവഗിരി മഠം, അമൃതാനന്ദമയി മഠം, സംബോധ് ഫൗണ്ടേഷന് തുടങ്ങി നിരവധി ആശ്രമങ്ങളില്‍ നിന്നുള്ള സംന്യാസിവര്യന്മാര് ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് 22 സംന്യാസിമാര്‍ ഒരുമിച്ച് യാത്രചെയ്താണ് എത്തിയത്. അവരോടൊപ്പം പലകാരണങ്ങളാല്‍ എനിക്ക് ചേരാന്‍ കഴിഞ്ഞില്ല. അതിനാല്‍ ലക്നൗവില്‍ നിന്ന് റോഡ് മാര്‍ഗമാണ് അയോദ്ധ്യയിലേക്ക് തിരിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രിയില്‍ ലക്നൗവിലേക്ക് തിരിച്ചതും റോഡ് വഴിയായിരുന്നു. നൂറ്റി നാല്‍പ്പതോളം കിലോമീറ്റര്‍ ദൂരമുള്ള യാത്ര അയോദ്ധ്യയിലെ മാറ്റത്തെ തിരിച്ചറിയാനുള്ള സന്ദര്‍ഭമൊരുക്കി. വഴി നീളെ ദീപാലംകൃതമായിരുന്നു ഗ്രാമഗ്രാമാന്തരങ്ങളില്‍ റോഡിന് ഇരുവശവും കണ്ട ആഘോഷ പ്രതീതി പറഞ്ഞറിയിക്കാനാവാത്തതാണ്. സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതില്‍ പങ്കുചേര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ ഓരോ വീടുകളും ദീപം തെളിയിച്ച് പുഷ്പാലംകൃതമാക്കി ഒരുക്കിയത് സമൂഹമനസ്സിലുണ്ടായ പരിവര്‍ത്തനത്തെ തെളിയിക്കുന്നതായിരുന്നു. ഹൃദയസ്പര്‍ശിയായ കാഴ്ച. തിരക്കിട്ട് പോകുന്ന വാഹനങ്ങള്‍ പോലും തടഞ്ഞു നിര്‍ത്തി മധുര പലഹാരം വിതരണം ചെയ്യുന്നു. കൊടുക്കുന്നവരും വാങ്ങുന്നവരും ജയ്ശ്രീരാം വിളികളോടെ അഭിവാദ്യ പ്രത്യഭിവാദ്യം നല്കുന്നു.
ഹിന്ദു-മുസ്ലിം എന്ന വ്യത്യാസമില്ലാതെ എല്ലാവരും തെരുവുകളില്‍ ആനന്ദനൃത്തം ചവിട്ടുന്ന കാഴ്ച വഴിനീളെ കാണാനായി. സമൂഹം ഒറ്റക്കെട്ടായി സന്തോഷം പങ്കിടുന്നതാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കണ്ട കാഴ്ച. എത്രയോ തവണ അദ്ധോധ്യയിലെത്തിയിരിക്കുന്നു. സംന്യാസകാലത്തും അതിന് മുമ്പും. ആശ്രമങ്ങളിലും സത്രങ്ങളിലും കഴിഞ്ഞുകൂടിയ കാലം. സംന്യാസ ദീക്ഷയ്ക്ക് മുന്‍പ് അലഞ്ഞപ്പോള്‍ ഈ തെരുവുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. പരിചിതമായ അയോദ്ധ്യയല്ല പരിവര്‍ത്തിക്കപ്പെട്ട ക്ഷേത്രനഗരി പുതിയ കാഴ്ചകളാണ് നല്‍കിയത്. സമൂഹമനസ്സിലുണ്ടായ മാറ്റമാണ് അയോദ്ധ്യയിലുണ്ടായ മാറ്റമെന്ന് മനസ്സിലാക്കാന്‍ കഴിയും.
അയോദ്ധ്യയില്‍ ശ്രീരാമനായാലും സീതയായാലും പ്രാധാന്യം ഹനുമാനാണ്. ഹനുമാന്‍ഗഡി തിരക്കേറിയ തെരുവിലായിരുന്നു മുന്‍പ്. വളഞ്ഞ് പുളഞ്ഞുള്ള വഴികളിലൂടെയായിരുന്നു ജന്മസ്ഥാനത്തേക്കുള്ള യാത്ര. എന്നാലിന്ന് ഹനുമാന്‍ഗഡിയില്‍ നിന്ന് നേരെ രാമജന്മസ്ഥാനത്തേക്ക് നടക്കാം. വിശാലമായ നിരത്തും മനോഹരമായ വശങ്ങളും. കച്ചവടക്കാരും ഓട്ടോറിക്ഷക്കാരും ഏറെയും മുസ്ലിങ്ങളാണ്. എല്ലാവരും ആനന്ദഭരിതര്‍. വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷത്തള്ളിച്ചയില്‍ അവര്‍ നൃത്തം ചവിട്ടുന്നു. കേരളത്തിലുള്ളവര്‍ക്ക് ചിലപ്പോള്‍ ഇത് മനസ്സിലാകണമെന്നില്ല. മലയാള മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ കഥകളായിരിക്കാം അവര്‍ക്ക് പരിചിതം. എന്നാല്‍ അയോദ്ധ്യയില്‍ നമുക്കത് കാണാനാകില്ല.
പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസങ്ങളില്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ലക്ഷങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ജനലക്ഷങ്ങള്‍ റോഡുകളില്‍ തമ്പടിച്ചു. കടകളുടെ കോലായകളിലും റോഡരികിലും കിടന്നുറങ്ങി. സൗകര്യങ്ങളുപേക്ഷിച്ച് ശ്രീരാമ ക്ഷേത്രപ്രതിഷ്ഠ നടക്കുന്ന സമയത്ത് സ്വന്തം ഗ്രാമങ്ങളില്‍ കിടന്നുറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അവരവിടെയെത്തിയത്. നാല് ഡിഗ്രി തണുപ്പില്‍ വിരിപോലുമില്ലാതെ നിലത്ത് കിടന്നുറങ്ങുന്ന അവര്‍ ശ്രീരാമന് ജനഹൃദയങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ നേര്‍ദൃശ്യങ്ങളാണ്.
ചായക്കടയിലും രാമചിത്ര രചന
തലേദിവസം കേരളത്തില്‍ നിന്നെത്തിയ സംന്യാസിമാരെല്ലാം നഗരം കാണാന്‍ ഇറങ്ങി. ഒരു കടയില്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ നിലത്ത് ശ്രീരാമഭഗവാന്റെ ചിത്രം വരച്ചുവെച്ചത് കണ്ടു. ചിത്രം ഉണങ്ങാത്തതുകൊണ്ട് ചുറ്റിലും കടയിലെ കസേരകള്‍ നിരത്തിയിരിക്കുന്നു. ഒരു മഹാമണ്ഡലേശ്വരനും സംഘവും കടയിലെത്തിയപ്പോള്‍ ആചാര്യനെ ഇരുത്താന്‍ ശിഷ്യന് അതില്‍ ഒരു കസേര മാറ്റിയിട്ടു. ‘അമ്പത് രൂപ കൊടുത്ത് വരപ്പിച്ച ചിത്രമാണ് ഉണങ്ങിയിട്ടില്ല’ എന്നായിരുന്നു കടക്കാരന്റെ പ്രതികരണം. ഒരു സാധാരണ ചായകടക്കാരന് അവന്റെ കയ്യില്‍ നിന്നും പണംചെലവാക്കി ശ്രീരാമന്റെ ചിത്രം വരച്ചുവച്ചിരിക്കുന്നത് ശ്രീരാമസ്വാധീനത്തിന്റെ ദൃശ്യമല്ലെങ്കില്‍ മറ്റെന്താണ്. രാമന് ഭാരതത്തിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ട മര്യാദാപുരുഷോത്തമനാണല്ലോ.
സംന്യാസിമാര്‍ക്ക് താമസിക്കാന്‍ പ്രത്യേക നഗരിയുണ്ട്. ടിന് ഷീറ്റുകള്‍ കൊണ്ട് തയ്യാറാക്കിയ താല്‍ക്കാലിക ക്രമീകരണങ്ങള്‍. അവിടെ താമസിക്കുന്ന സംന്യാസിമാരുടെ സൗകര്യങ്ങള്‍ നോക്കാനായി നിരവധി പേരുണ്ട്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ നിന്നായി എത്തിയ സേവാപ്രവര്‍ത്തകര്‍. പ്രാണപ്രതിഷ്ഠയ്ക്ക് എത്തിയവരെ പരിചരിക്കുന്നത് ശ്രീരാമദേവനെ പരിചരിക്കുന്നതിന് തുല്യമായി പരിഗണിച്ച് അവര്‍ യാതൊരുമടിയുമില്ലാതെ എല്ലാ കാര്യങ്ങളിലും ശ്രദ്ധപതിപ്പിച്ച് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഭാരതത്തിന്റെ അന്തരാത്മാവിനെ വിശദമാക്കുന്ന കാഴ്ചകളായിരുന്നു അതൊക്കെ.
1528 ലെ ആക്രമണത്തിനു ശേഷം എത്ര ആയിരങ്ങളുടെ ബലിദാനത്തിന്റെയും പോരാട്ടത്തിന്റെയും കഥകളാണ് അയോദ്ധ്യക്ക് പറയാനുള്ളത്. പിന്നീട് നടന്ന സുദീര്‍ഘമായ നിയമയുദ്ധത്തിന്റെയും അന്ത്യത്തില്‍ അഞ്ഞൂറ് വര്‍ഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ച വീണ്ടെടുക്കല്‍. അയോദ്ധ്യയില്‍ നടന്നത് കേവലം ക്ഷേത്രപ്രതിഷ്ഠ മാത്രമല്ല, അധിനിവേശ ശക്തികള്‍ ഏല്‍പ്പിച്ച മുറിപ്പാട് ഇല്ലാതാക്കിയ പ്രക്രിയയാണ് അത്. രാഷ്ട്രത്തെ വീണ്ടെടുത്ത മുഹൂര്‍ത്തം. അധിനിവേശ ശക്തികള്‍ ഭാരതത്തില്‍ എന്നല്ല ലോകത്തില്‍ എല്ലായിടത്തും ഒരേ പോലെയാണ് അതിക്രമിച്ചു കയറിയത്. അവര്‍ അന്നാട്ടിലെ തനതു ദേശീയബിന്ദുക്കളെ തകര്‍ത്തു. എന്നാലെ അധിനിവേശം എക്കാലത്തേക്കും ഉറപ്പിക്കാനാകൂ എന്നവര്‍ കരുതിയിരുന്നു. ഗ്രീസിലെ മുഴുവന്‍ ക്ഷേത്രങ്ങളും അവര്‍ തകര്‍ത്തു.
ഒരു പ്രദേശവുമായുള്ള നാഡീനാള ബന്ധത്തെ ഇല്ലാതാക്കാന്‍ അവിടുത്തെ സ്ഥലനാമങ്ങള്‍ മാറ്റിയതും ചരിത്രത്തിലുണ്ട്. ആ നാടിന്റെ അസ്മിതയെ കുറിക്കുന്ന കേന്ദ്രങ്ങളെ തകര്‍ക്കും. അമേരിക്കയില്‍ ഒരു ശതമാനം സ്ഥലനാമങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവയെല്ലാം യൂറോപ്പ് സമ്മാനിച്ചതാണ്. മദ്ധ്യഭാരതത്തിലും ഉത്തരഭാരതത്തിലും എത്രയെത്ര സ്ഥലനാമങ്ങളാണ് അധിനിവേശ ശക്തികള്‍ അധികാരപൂര്‍വ്വം മാറ്റിയെടുത്തത്. അലഹബാദും ഹൈദരബാദും മുതല്‍ മുറാദാബാദ് വരെ. ഭാരതത്തിന്റെ ദേശീയതയെ നിലനിര്‍ത്തുന്നതില്‍ ഏറെ പങ്കുവഹിച്ചത് തീര്‍ത്ഥസ്ഥാനങ്ങളാണ്. തീര്‍ത്ഥാടനം ദേശീയസംഗ്രഥനത്തിന്റെ ഒരു ഭാഗമാണ്. ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍, ചതുര്‍ധാമങ്ങള്‍, ശക്തിപീഠങ്ങള്‍ അങ്ങനെ എത്രയെത്ര പ്രതീകങ്ങള്‍. അതില്‍ തീര്‍ത്ഥഗുരു പുഷ്കരമാണ്. പ്രയാഗയാണ് തീര്‍ത്ഥരാജ്, പ്രയാഗയുടെ പേര് മാറ്റി അലഹബാദ് ആക്കിയത് ഇപ്പോള്‍ തിരിച്ച് പ്രയാഗ്രാജ് ആക്കിയിരിക്കുന്നു. നട്ടെലുള്ള മുഖ്യമന്ത്രി വന്നപ്പോള്‍ അത് പ്രയാഗ്രാജ് ആയി മാറി.
വീണ്ടെടുപ്പിന്റെ നാളുകള്‍
വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് സ്ഥലനാമങ്ങളുടെ പുനര്‍നാമകരണം. അലഹബാദിനെ പ്രയാഗ്രാജ് ആക്കിയത് എന്താണോ അതേ പോലെയാണ് അയോദ്ധ്യയില്‍ സംഭവിച്ചത്. ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തുകയെന്ന സ്വാഭാവിക രീതി. ഇത്തരം പരിവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ ജാഗ്രയുള്ള സമൂഹങ്ങളുണ്ടാകണം. ആ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ബോധപൂര്‍വ്വമായ പരിശ്രമം ആവശ്യമാണ്. അറിവ് അഭിമാനവുമുള്ള സമൂഹമുണ്ടാകണം. എന്നാല്‍ മലയാള വാര്‍ത്താമാധ്യമങ്ങള്‍ ഈ പരിവര്‍ത്തനത്തെ ഇപ്പോഴും പരിഗണിക്കുന്നില്ല. അവര്‍ വിപരീതങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയാകാതെ പ്രതിഷ്ഠ നടത്തിയെന്ന് മുതല്‍ എത്രയെത്ര വിപരീതങ്ങള്‍.
ഏത് ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തുന്നത് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയല്ല. ശ്രീകോവില്‍ പണി പൂര്‍ത്തിയാക്കിയാല്‍ പ്രതിഷ്ഠ നടത്താവുന്നതേയുള്ളൂ. മറ്റു നിര്‍മ്മാണങ്ങള്‍ പിന്നീട് പൂര്‍ത്തിയാക്കുന്നതാണ് കേരളത്തിലേയും പതിവ്. എന്നാല്‍ ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് മലയാള മാധ്യമങ്ങള്‍ അവാസ്ഥവങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശങ്കരാചാര്യന്മാര് പങ്കെടുക്കുന്നില്ലെന്നായിരുന്നു മറ്റൊരു പ്രചാരണം. പുരി ശങ്കരാചാര്യര്‍ ഒഴിച്ച് മറ്റെല്ലാ ആചാര്യന്മാര്‍മാരും പ്രാണപ്രതിഷ്ഠയ്ക്ക് അനുകൂലമായി പത്രക്കുറിപ്പ് ഇറക്കിയത് അവര്‍ കണ്ടില്ലെന്ന് നടിച്ചു. ശങ്കരാചാര്യന്മാര് ക്ഷേത്രപ്രതിഷ്ഠയ്ക്കെത്തുന്ന പതിവില്ലെന്നതും അവര്‍ പരിഗണിച്ചില്ല.
പുരി ശങ്കരാചാര്യര്‍ നേരത്തെയും വിവാദ നിലപാടുകള്‍ എടുത്തിട്ടുണ്ട്. വാരാണസിയില്‍ നരേന്ദ്രമോദി മത്സരിച്ചാല്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുമെന്നായിരുന്നു അന്ന് പറഞ്ഞത്. സ്ത്രീകള്‍ മന്ത്രം ജപിക്കാന്‍ പാടില്ലെന്നും ഗായത്രി ഉപാസന പാടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ കാര്യത്തില്‍ പുരി ശങ്കരാചാര്യരെ പുകഴ്ത്തുന്നവര്‍ പുരി ശങ്കരാചാര്യരുടെ മറ്റ് പ്രസ്താവനകളും പിന്തുണയ്ക്കുന്നുണ്ടോയെന്ന് മലയാള മാധ്യമങ്ങള്‍ വ്യക്തമാക്കിയില്ല.
രാജ്യത്തെ എല്ലാ മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സമഗ്രപരിവര്‍ത്തനത്തിന്റെ അനേകം ദിശാസൂചികകളിലൊന്നാണ് അയോദ്ധ്യയില്‍ കണ്ടത്. രാഷ്ട്രം അതിന്റെ ആത്മാവിനെ വീണ്ടെടുത്തുകൊണ്ടിരിക്കുന്ന സുമനോഹര ദൃശ്യമാണ് അയോദ്ധ്യയില്‍ തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: