കൊച്ചി: മുസ്ലിം ലീഗിന് മൂന്നാം ലോക്സഭാ സീറ്റ് സമ്മാനിക്കുന്നതു കോണ്‍ഗ്രസിന്റെ അപകടകരമായ നീക്കമാണെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്.
മുമ്പ് അഞ്ചാം മന്ത്രിയെ മുസ്ലിം ലീഗ് പിടിച്ചുവാങ്ങിയത് കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പോലും പറയാതെ പാണക്കാട് തങ്ങള്‍ അത് സ്വയം പ്രഖ്യാപിച്ചതു മറക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിറ്റിങ് സീറ്റ് ലീഗിന് കാഴ്ചവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം രാഹുല്‍ ഗാന്ധിയെ വീണ്ടും വയനാട്ടില്‍ നിന്ന് വിജയിപ്പിക്കാനുള്ള ‘കപ്പ’മാണെന്ന് വ്യക്തമാണ്.
ഇസ്ലാമിക വര്‍ഗീയതയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കെ. കരുണാകരന്റെ കാലത്ത് മുക്രി പെന്ഷന് അനുവദിച്ചത് മറന്നുകൂടാ. ഷാബാനോ കേസിന് ശേഷം മൊഴിചൊല്ലപ്പെട്ട നിര്ഭാഗ്യവതികളായ ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തയാറായത് മുസ്ലിം മതമൗലികവാദികള്‍ക്ക് കീഴടങ്ങിക്കൊണ്ടാണ്.
അയോദ്ധ്യ പ്രശ്നത്തില്‍ രാജീവ് ഗാന്ധി മുതല്‍ സോണിയയും രാഹുലും വരെ ഹിന്ദു വികാരത്തെയും വിശ്വാസത്തെയും അവഹേളിച്ചുകൊണ്ടുള്ള നിലപാടെടുത്തതും ഇസ്ലാമിക വര്‍ഗീയതയ്ക്ക് കരുത്തുപകരാനാണ്. 1947ന് മുമ്പ് മുഹമ്മദാലി ജിന്നയെയും നിലപാടുകളെയും പിന്തുണച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. അവസാനം രാജ്യത്തെ വെട്ടിമുറിക്കുന്നതിലാണ് ചെന്നെത്തിയത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുകയും കോടാനുകോടി ഹൈന്ദവരെയും വിശ്വാസികളെയും സാക്ഷിനിര്‍ത്തി അതിന്റെ പ്രാണ പ്രതിഷ്ഠ നടക്കുകയും ചെയ്തപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ച ഹിന്ദു-ശ്രീരാമ വിരുദ്ധ നിലപാട് ഇസ്ലാമിക വര്‍ഗീയവാദി ശക്തികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അവരാണിപ്പോള്‍ സ്വന്തം സീറ്റ് മുസ്ലിം ലീഗിന് കാഴ്ചവയ്ക്കാന്‍ തയാറായിരിക്കുന്നത്. അതൊക്കെ കോണ്‍ഗ്രസിനെ എങ്ങനെയാണ് രാഷ്ട്രീയമായി ബാധിച്ചത് എന്നത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ചും ഭൂരിപക്ഷ മത വിഭാഗത്തിലുള്ളവര്‍ ചിന്തിക്കണം.
രാഹുല്‍ മുമ്പ് വയനാട്ടില്‍ മുസ്ലിം ലീഗിന്റെ കൊടിയും ചൂടിയാണ് മത്സരിച്ചത്. ഇപ്പോള്‍ രാജ്യത്ത് അദ്ദേഹത്തിന് സുരക്ഷിത മണ്ഡലം മറ്റൊരിടത്തുമില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. പ്രതിപക്ഷ മുന്നണി ഉണ്ടാക്കിയിട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലോ തെലുങ്കാനയിലോ രാഹുലിന് മത്സരിക്കാന്‍ ധൈര്യമില്ല. വീണ്ടും ലോക്സഭ കാണണമെങ്കില്‍ വയനാട്ടില്‍ മുസ്ലിം ലീഗ് കനിയണമെന്നാണവസ്ഥ. കോണ്‍ഗ്രസിന്റെ ദുരവസ്ഥ നന്നായി മനസിലാക്കിയ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തുമ്പോള്‍ കെപിസിസി പ്രസിഡന്റ് വിജയിച്ച മണ്ഡലം പോലും കൈമാറാന്‍ രാഹുല്‍ നിര്‍ദേശിക്കുന്നു എന്നാണ് വിവരം.
വര്‍ഗീയ ശക്തികള്‍ക്ക് പിന്നില്‍ അള്ളിപ്പിടിച്ചിരുന്ന് കേരളത്തിലെ കോണ്‍ഗ്രസിന് എത്രനാള്‍ മുന്നോട്ട് പോകാനാവുമെന്ന് ആ പാര്ട്ടിക്കാര് ചിന്തിച്ചു തുടങ്ങിയതുകൊണ്ടാണ് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തുന്ന എന്‍ഡിഎയുടെ കേരളാ പദയാത്രക്കിടെ എല്ലായിടത്തും ആയിരക്കണക്കിന് പേര് ബിജെപിയില്‍ ചേരുന്നത്. അവരില്‍ പഴയകാല കോണ്‍ഗ്രസ് നേതാക്കള്‍ നിരവധിയുണ്ട്. എറണാകുളത്ത് 24നു പദയാത്ര നടക്കുമ്പോള്‍ ആയിരത്തിലേറെപ്പേര്‍ ബിജെപിയിലെത്തും. കോണ്‍ഗ്രസിലെ ഹിന്ദുക്കള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഇത് കാണിക്കുന്നത്, കെവിഎസ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറി ഭസിത് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: