ന്യൂദല്‍ഹി: മികച്ച പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഒഎന്‍ജിസിയുടെയും സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളില്‍ ഒരു പങ്ക് വില്ക്കാന് തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. ഒരു ബിസിനസ് വാര്‍ത്താചാനലിന് അനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ പ്രതികരണം.
വിജയകരമായി മുന്നോട്ട് പോകുന്ന ഈ രണ്ട് പൊതുമേഖലാസ്ഥാപനങ്ങളിലും കേന്ദ്രസര്‍ക്കാരിന് 50 ശതമാനത്തില്‍ കുറവ് ഓഹരികള്‍ കൈവശം വെയ്ക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനാണ് അതിന് വിരോധമില്ലെന്ന് നിര്‍മ്മല സീതാരാമന് പ്രതികരിച്ചത്. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 57.49 ശതമാനവും ഒഎന്‍ജിസിയില്‍ 58.89 ശതമാനവും ഓഹരിയിലും സര്‍ക്കാര്‍ കൈവശമുണ്ട്. ഇത് കുറച്ച് ഭൂരിപക്ഷ ഓഹരികള്‍ക്ക് പകരം ന്യൂനപക്ഷ ഓഹരികള്‍ ഈ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൈവശം വെയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ വലിയൊരു നയപ്രഖ്യാപനം തന്നെയാണ് ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ദിനങ്ങളിലൊന്നില്‍ നിര്‍മ്മല സീതാരാമന് വെളിപ്പെടുത്തിയിരിക്കുന്നത്. “പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കാന്‍ ചുമതലപ്പെട്ട വകുപ്പ് കാലാകാലങ്ങളില്‍ കുറെശ്ശേയായി ഓഹരികള്‍ വില്‍ക്കുന്നുണ്ട്. ഇത് വഴി സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് പൊതുമേഖലാസ്ഥാപനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. “- നിര്‍മ്മല സീതാരാമന് പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി പല പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും കുറേശ്ശെയായി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യയില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കുന്ന രീതിയില്‍ ഓഹരിവിറ്റഴിച്ചത്. ഇതോടെ എയറിന്ത്യയെ ടാറ്റാ ഗ്രൂപ്പ് തന്നെ ഏറ്റെടുത്തു.
സ്വകാര്യമേഖല കൂടി കടന്നുവരുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം വര്‍ധിക്കുമെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെ ഒരു തന്ത്രപരമായ നീക്കം തന്നെയാണെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: