ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസമിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രധാനമായും ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയെ കാണുകയും 11,600 കോടി രൂപയുടെ വികസന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്യും.
ഇന്ന് വൈകിട്ട് 7.30ന് ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കൊയ്നാധോര സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകും. തുടർന്ന് പ്രധാനമന്ത്രി രാത്രി ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയെ കാണുമെന്നും പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഞായറാഴ്ച രാവിലെ 11.30-ന് ഖാനപ്പാറയിലെ വെറ്ററിനറി കോളേജ് പ്ലേഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. അവിടെ നിന്ന് നിരവധി സംസ്ഥാന, കേന്ദ്ര പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
498 കോടി രൂപയുടെ കാമാഖ്യ ക്ഷേത്ര ഇടനാഴി , 358 കോടി രൂപയുടെ ഗുവാഹത്തിയിലെ പുതിയ എയർപോർട്ട് ടെർമിനലിൽ നിന്നുള്ള ആറുവരിപ്പാത, 358 കോടി നെഹ്‌റു സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയർത്തൽ, 300 കോടി രൂപയുടെ ചന്ദ്രാപൂരിൽ പുതിയ കായിക സമുച്ചയം എന്നിവയാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികളിൽ ചിലത്.
അസോം മാല റോഡുകളുടെ രണ്ടാം പതിപ്പിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഈ ഘട്ടത്തിൽ 43 പുതിയ റോഡുകളും 38 കോൺക്രീറ്റ് പാലങ്ങളും ഉൾപ്പെടുന്നു, മൊത്തം 3,444 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കൂടാതെ, 3,250 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സംയോജിത പുതിയ കെട്ടിടത്തിന് മോദി തറക്കല്ലിടും.
578 കോടി രൂപ ചെലവിൽ നിർമിക്കുന്ന നിർദിഷ്ട കരിംഗഞ്ച് മെഡിക്കൽ കോളജ് ആശുപത്രിക്കും ഗുവാഹത്തിയിൽ 297 കോടി രൂപ ചെലവിൽ നിർമിക്കുന്ന യൂണിറ്റി മാളിനും അദ്ദേഹം തറക്കല്ലിടും. കൂടാതെ ബിശ്വനാഥ് ചാരിയാലി മുതൽ ഗോഹ്പൂർ വരെ 1,451 കോടി രൂപ ചെലവിൽ വികസിപ്പിച്ച നാലുവരിപ്പാതയും 592 കോടി രൂപ ചെലവിൽ നിർമിച്ച ഡോലബാരി മുതൽ ജമുഗുരി വരെയുള്ള നാലുവരിപ്പാതയും മോദി ഉദ്ഘാടനം ചെയ്യും.
മൊത്തത്തിൽ, സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 11,599 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി തറക്കല്ലിടുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചത്തെ പരിപാടിക്ക് ശേഷം മോദി മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: