ന്യൂദല്‍ഹി: ഭാരത് അരി വിപണിയിലിറക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുന്ന പദ്ധതിയാണിത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ (എന്‍സിസിഎഫ്), കേന്ദ്രീയ ഭണ്ഡാര്‍ എന്നീ ഏജന്‍സികള്‍ മുഖേന ഭാരത് റൈസ് ബ്രാന്‍ഡിനു കീഴില്‍ ചില്ലറ വില്പനയ്ക്കായി അഞ്ച് എല്‍എംടി (അഞ്ചു ലക്ഷം മെട്രിക് ടണ്‍) അരി കേന്ദ്രം അനുവദിച്ചു. അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് അറിയിക്കാന്‍ വ്യാപാരികള്‍ക്കും മില്ലുടമകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി.
സാധാരണക്കാര്‍ക്ക് ഒരു കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ലഭിക്കുക. അഞ്ച്, 10 കിലോ ചാക്കുകളില്‍ അരി കിട്ടും. നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നീ കേന്ദ്ര സഹകരണ ഏജന്‍സികളുടെ ഔട്ട്ലെറ്റുകളില് നിന്നും മൊബൈല്‍ വാനുകളില്‍ നിന്നും അരി വാങ്ങാം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെയുള്ള മറ്റ് റീട്ടെയില്‍ ശൃംഖലകളിലൂടെയും ഭാരത് അരി ഉടന്‍ ലഭ്യമാകുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
അരിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് ഭാരത് അരിയുടെ വില്പന സഹായിക്കും. നേരത്തേ ആരംഭിച്ച ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയുടെ വിതരണം രാജ്യത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ വിജയകരമായി തുടരുകയാണ്. ഇതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാരത് അരിയുടെ വില്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: