തിരുവനന്തപുരം: മകള്‍ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം അടിയന്തര പ്രമേയമായി എത്തിയപ്പോള്‍ നിയമസഭയില്‍ വരാതെ മുഖ്യമന്ത്രി പിണറായി വിജയന്. കേരളം കൊള്ളയടിച്ച് പി.വി ആആന്‍ഡ് കമ്പനി എന്ന് പ്രതിപക്ഷം. അടിയന്തിര പ്രമേയത്തിനായി നല്കിയ നോട്ടീസുപോലും അനുവദിക്കാതെ സ്പീക്കര്‍. സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആര്‍എല്ലില്‍ നിന്നും നല്‍കാത്ത സേവനങ്ങള്‍ക്ക് പണം കൈപ്പറ്റി എന്ന ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും അതിനെതുടര്‍ന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം നടക്കുന്നതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. വിഷയം സ്പീക്കര്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഭരണപക്ഷം ബഹളവുമായി എഴുന്നേറ്റു.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടത്തുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നും നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുമതി നിഷേധിച്ചു. ഈ സമയം മുഖ്യമന്ത്രി സഭയില്‍ എത്തിയിരുന്നില്ല. എവിടെ മുഖ്യമന്ത്രി എന്ന മുദ്രാവാക്യം ഉയര്‍ത്തി ”കേരളം കൊള്ളയടിച്ച് പി.വി ആന്ഡ്് കമ്പനി” എന്ന ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. ഭരണപക്ഷവും ബഹളവുമായി എഴുന്നേറ്റു. പരസ്പരം പോര് വിളിയായി. ഇതോടെ സ്പീക്കര്‍ ഇടപെട്ട് ഭരണപക്ഷാംഗങ്ങളെ നിയന്ത്രിച്ചു.
തങ്ങളുടെ അടിയന്തര പ്രമേയനോട്ടീസ് പരിഗണിക്കാതെ തള്ളിയതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദ്യം ചെയ്തെങ്കിലും ഇതു സംബന്ധിച്ച ചട്ടം വിവരിച്ച സ്പീക്കര്‍ സഭാ നടപടികള്‍ തുടര്‍ന്നു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഭാകവാടത്തിലെ പടിക്കെട്ടുകളില്‍ ഇരുന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇതിനിടെ സമരത്തിന്റെ ചിത്രം പകര്‍ത്തിയ എംഎല്‍എമാരുടെ പഴ്സണല്‍ സ്റ്റാഫുകളുടെ ദൃശ്യങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ മൊബൈലില്‍ പകര്‍ത്തിയതോടെ ചില എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡുകളും തമ്മിലും തര്‍ക്കമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: