കോട്ടയം: രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ബാങ്കുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന. 2014 ആഗസ്തിലാണ് പദ്ധതി ആരംഭിച്ചത്. 2014 വരെ രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനം പേര്‍ക്കും ബാങ്കിങ് സൗകര്യം ലഭ്യമായിരുന്നില്ല. എന്നാല്‍ 2015 ആഗസ്തില്‍ 17.9 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് തുറന്നത്. 2023 നവംബറിലിത് ഏകദേശം 51 കോടിയായി ഉയര്‍ന്നു. ജന്‍ധന്‍ യോജന വഴി 2023 നവംബര്‍ വരെ 51.04 കോടി അക്കൗണ്ടുകളാണ് തുറന്നത്.
ഇതില്‍ 28.29 കോടി അക്കൗണ്ടുകള്‍ സ്ത്രീകളുടെ പേരിലാണ്. 34.04 കോടി അക്കൗണ്ടുകള്‍ ഗ്രാമീണ-അര്‍ധ നഗര മേഖലകളിലായി ആരംഭിച്ചു. കൊവിഡ് കാലത്ത് ജന്‍ധന്‍ അക്കൗണ്ട് വഴി മാത്രമാണ് ഉപഭോക്താക്കളിലേക്ക് നേരിട്ടുള്ള ആനുകൂല്യങ്ങള്‍ എത്തിയത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി 10 ദിവസത്തിനകം 20 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 500 രൂപ ഡിബിടി (ഡയറക്ട് ബെനഫിക്ട് ട്രാന്‍സ്ഫര്‍) വഴി അയച്ചുതുടങ്ങി. ജന്‍ധന്‍-ആധാര്‍-മൊബൈല്‍, സംവിധാനത്തെ ജന്‍ധന്‍ യോജനയുമായി ബന്ധിപ്പിച്ചതിലൂടെ തട്ടിപ്പുകള്‍ തടഞ്ഞ് ആനുകൂല്യങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനായി. ഡിബിടി വഴി 32 ലക്ഷം കോടിയിലധികം രൂപയാണ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. ഇത് ഗുണഭോക്താക്കളെ സാമ്പത്തിക ശക്തരാക്കി. ഡിബിടിയിലൂടെ കേന്ദ്ര സര്‍ക്കാരിന് 2.73 ലക്ഷം കോടി രൂപ ലാഭിക്കാനായി.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ ബാലന്‍സ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ 2015 ആഗസ്തില്‍ 22,901 കോടി രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചപ്പോള്‍ ഈ കണക്ക് 2.09 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി. 8.2 ശതമാനം അക്കൗണ്ടുകളിലാണ് നീക്കിയിരിപ്പൊന്നും ഇല്ലാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: