തിരുവനന്തപുരം: മുച്ചക്ര വാഹനം വിറ്റിടാം, ദിക്കറിയാനുള്ള വടികളും, നിങ്ങള്‍ക്ക് മുന്നിലായ് വയ്ക്കുന്നു… കുടംബത്തെ പോറ്റാനായി ഭിന്നശേഷിക്കാരായ ഞങ്ങള്‍… ജീവിതം വഴിമുട്ടിയ തങ്ങളുടെ ജീവന് നിലനിര്‍ത്താന്‍ സന്തത സഹചാരികളായ ഭിന്നശേഷി ഉപകരണങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണ് ഒരു കൂട്ടം ഭിന്നശേഷിക്കാര്‍. വീല്‍ ചെയറുകളും, കൃത്രിമ കാലുകളും, വാക്കിങ്സ്റ്റിക്കും വാക്കറുകളുമൊക്കെ വില്‍പ്പനയ്ക്ക് വച്ചു. സക്ഷമയുടെ നേതൃത്വത്തിലാണ് ജനശ്രദ്ധ പിടിച്ചു പറ്റിയ വ്യത്യസ്ഥമായ ഈ പ്രതിഷേധ പരിപാടി അരങ്ങേറിയത്.
ഇവര്‍ക്കുള്ള പെന്ഷന് മുടങ്ങിയിട്ട് അഞ്ച് മാസമായി. ഇതോടെ കുടുംബം പോറ്റാനും ജീവിത ചിലവിനും വേണ്ടിയാണ് തങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഉപകരണങ്ങളുമായി സക്ഷമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന് ഇവര്‍ എത്തിയത്. ചിലര്‍ മുച്ചക്ര വാഹനത്തില്‍ എത്തിയപ്പോള്‍ മറ്റ് ചിലര്‍ സൈക്കിളിലും അമ്മമാരുടെ ഒക്കത്തിരുന്നുമൊക്കെ വളരെ പ്രയാസപ്പെട്ടാണ് പ്രതിഷേധത്തിന് എത്തിയത്. സമൂഹത്തില്‍ ഇത്രയും കഷ്ടത അനുഭവിക്കുമ്പോഴും തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ദയയില്ലാത്ത സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം കഴിയാവുന്ന ഉച്ചത്തില്‍ അവര്‍ വിളിച്ച് പറയുന്നുണ്ട്.
അണിചേരുകയാണ് ഇന്നിവിടെ, ഭിക്ഷ യാചിക്കാനല്ല, അര്‍ഹതപ്പെട്ട പെന്‍ഷനു വേണ്ടി. പ്രിയ കുടുംബങ്ങളെ പോറ്റാന്‍ മുട്ടുകാലില്‍ ഇഴയുമ്പോള്‍ അന്ധകാരം ഗ്രസിച്ച മിഴികളെ തുറപ്പിക്കാന്‍… കുടുംബത്തെ മാത്രമല്ല മാസം അയ്യായിരത്തോളം രൂപ ചിലര്‍ക്ക് മരുന്നിനും വേണ്ടി വരുന്നു. കാരുണ്യയിലാണെങ്കില് തങ്ങള്‍ക്കുള്ള മരുന്നുമില്ല. സര്‍ക്കാര്‍ നല്കുന്ന ധന സഹായം ഒരു ആശ്വാസം മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ക്ക് പ്രതിമാസം പെന്‍ഷനായി നല്‍കുന്നത് 3000 രൂപ. ഇവിടെ ഉള്ളതു പോലും തരുന്നില്ല.
നാഷണല്‍ അസോസിയേഷന് ഫോര്‍ ബ്ലൈന്റിന്റെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും സക്ഷമ ജില്ലാ രക്ഷാധികാരിയുമായ കെ.ആര്. രഘുനാഥന് നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് പലതരത്തിലുള്ള ചികിത്സകള്‍ വേണ്ടിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ അതിന് വേണ്ടത്ര സൗകര്യങ്ങളില്ല. കിട്ടേണ്ട പരിഗണന കിട്ടുന്നില്ല. ഭിന്നശേഷിക്കാര്‍ക്കായി നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള സുരക്ഷകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാര്‍.ആര്, ഷിജി പ്രസന്നന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: