ന്യൂദല്‍ഹി: ദല്‍ഹി മദ്യനയം 2021-22 കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഞ്ചാം തവണയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് തള്ളി.
ജനുവരി 18ന് അദ്ദേഹം നാലാമത്തെ സമന്‍സില്‍ ഹാജരാകാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് ദല്‍ഹി മുഖ്യമന്ത്രിക്ക് പുതിയ സമന്‍സ് അയച്ചത്. ചോദ്യം ചെയ്യാന്‍ അഞ്ചാമത്തെ സമന്‍സ് ലഭിച്ചതിനെ പാര്‍ട്ടി നിയമവിരുദ്ധമെന്നാണ് പരാമര്‍ശിച്ചത്.
ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് ഇന്നും ഇഡിക്ക് മുമ്പാകെ ഹാജരാകില്ല, എന്നാല്‍ നിയമാനുസൃത സമന്‍സ് ഞങ്ങള്‍ അനുസരിക്കുമെന്നും പാര്‍ട്ടി പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ദല്‍ഹി സര്‍ക്കാരിനെ താഴെയിറക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
ജനുവരി 18, ജനുവരി 3, നവംബര്‍ 2, ഡിസംബര്‍ 22 തീയതികളില്‍ ഇഡി പുറപ്പെടുവിച്ച നാല് സമന്‍സുകള്‍ കെജ്രിവാള് ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. അവ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ് എന്നു പറഞ്ഞാണ് ഒഴിവാക്കിയത്. നയരൂപീകരണം, അന്തിമ രൂപീകരണത്തിന് മുമ്പ് നടന്ന യോഗങ്ങള്‍, കൈക്കൂലി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കെജ്രിവാളിന്റെ മൊഴി രേഖപ്പെടുത്താനാണ് ഇഡി സമന്‍സ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: