ആലപ്പുഴ: ‘കായംകുളത്തിന്റെ വിപ്ലവം’ വീണ്ടും ആഞ്ഞടിക്കുന്നു, സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍. ഒരു ഇടവേളയ്ക്കുശേഷമാണ് കായംകുളത്തെ സിപിഎമ്മില്‍ വീണ്ടും സമൂഹ മാധ്യമ പോര് ആരംഭിച്ചത്. ജില്ലാ നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചിരുന്ന പോരാണ് വീണ്ടും ആളിക്കത്തുന്നത്. ഏരിയ നേതൃത്വത്തിലെ ചിലര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ജില്ലാ നേതൃത്വം ഇവരെ പിന്തുണയ്ക്കുന്നതായി ആക്ഷേപിക്കുന്നു.
പ്രാദേശിക നേതാക്കളുടെ രഹസ്യ പിന്തുണയോടെയാണ് ഇരുവിഭാഗം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കായംകുളം ഏരിയ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. ‘പുകയുന്ന അഗ്നി പര്‍വതമായി കായംകുളത്തെ സിപിഎം’ എന്ന തലക്കെട്ടിലാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഏരിയ നേതൃത്വത്തോട് എതിര്‍പ്പുള്ള 1000 ഓളം പേര് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുമെന്നും കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവാദ കരിമണല്‍ കമ്പനിയുമായി കായംകുളത്തെ പ്രമുഖ നേതാവിന് ബന്ധമുണ്ടെന്നും ഈ കമ്പനിയുമായി ബന്ധമുള്ള ഒരാള്‍ ക്രിമിനല്‍ കേസ് പ്രതിയായപ്പോള്‍ പാര്‍ട്ടി ഓഫീസിലും സ്വന്തം വീട്ടിലും ഒരു നേതാവ് ഒളിത്താവളമൊരുക്കിയെന്നും കുറിപ്പില്‍ പറയുന്നു.
ബസിലെ ജീവനക്കാരനായും ഇന്‍സ്റ്റാള്‍മെന്റ് വില്പ്പനക്കാരനായും മുന്‍പ് ജോലി ചെയ്തിരുന്ന ഏരിയ നേതാവിന് ഇപ്പോള്‍ 20 കോടിരൂപയുടെ ആസ്തിയുണ്ടെന്നും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടിക്ക് വേണ്ടി കേസില്‍പ്പെട്ട സഖാക്കളുടെ ജീവിതം വഴിമുട്ടിയെന്നും ബെനാമിയെ മുന്‍ നിര്‍ത്തി സ്വകാര്യ സ്കൂളുകളുടെ നടത്തിപ്പില്‍ നേതാവ് ഇടപെടുന്നതായും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സഹകരണ ബാങ്കുകളിലെ അഴിമതി, കള്ളുഷാപ്പുകള്‍ കോണ്‍ട്രാക്ട് നല്‍കുന്നതിന്റെ പിന്നിലെ ഇടപാടുകള്‍ തുടങ്ങിയവയെ കുറിച്ചും ആരോപണങ്ങളുണ്ട്. ഒരു സഹകരണ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കഥകളും ഈ കുറിപ്പിലുണ്ട്. സിപിഎം ഒരു മാഫിയ സംഘമായി അധപതിച്ചെന്ന് വ്യക്തമാക്കുന്നതാണ് കായംകുളത്തിന്റെ വിപ്ലവത്തിന്റെ തുറന്നു പറച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: