ബെംഗളൂരു: ബെംഗളൂരുവിൽ വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡിൽ 60 ശതമാനം കന്നട ഉൾപ്പെടുത്തണമെന്ന ഓർഡിനൻസ് തിരിച്ചയച്ച് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്. വ്യാപാര സ്ഥാപനങ്ങളിൽ 60 ശതമാനം കന്നട ഭാഷ നിർബന്ധമാക്കി കഴിഞ്ഞ ഡിസംബറിൽ ബിബിഎംപി ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഓർഡിനൻസ് പുറത്തിറക്കിയത്. എന്നാൽ ഓർഡിനൻസ് ഉടൻ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഓർഡിനൻസ് തിരിച്ചയച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിൽ പാസാക്കാൻ നിർദേശിച്ചാണ് ഓർഡിനൻസ് തിരിച്ചയച്ചത്.
ഇപ്പോൾ തന്നെ ഓർഡിനൻസിന് അംഗീകാരം നൽകാമായിരുന്നു. കന്നഡ ഭാഷയ്ക്ക് സംരക്ഷണവും ആദരവും നൽകുന്നത് തങ്ങളുടെ സർക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. കന്നഡ ഭാഷയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് ഓർഡിനൻസിലൂടെ സൂചന ബോർഡുകളിൽ കന്നഡ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ജനുവരി അഞ്ചിനാണ് മന്ത്രിസഭ ഓഡിനൻസിന് അംഗീകാരം നൽകിയത്. ഇനി ഫെബ്രുവരി 12ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ മാത്രമേ ഇക്കാര്യത്തിൽ സർക്കാറിന് തുടർ നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: