ന്യൂദല്‍ഹി: ഇടതുവലതു മുന്നണികള്‍ ഭരിച്ചുമുടിച്ച കേരളത്തെ രക്ഷിക്കാന്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമെ സാധിക്കൂവെന്ന് പി.സി. ജോര്‍ജ്. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇന്ന് കടക്കെണിയിലാണ്. നാലു ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടം. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ മുടിച്ചു. കാര്‍ഷികമേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം ഒരു തരത്തിലും നികത്താന്‍ പറ്റാത്ത അവസ്ഥയിലാണ്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളം രക്ഷപ്പെടണമെങ്കില്‍ പ്രധാനമന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
ഭാരതത്തിലെ ജനങ്ങളെ മുഴുവന്‍ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെകൊണ്ടും ബിജെപിയെ കൊണ്ടും മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്ന് എനിക്കും പാര്‍ട്ടിക്കും ബോധ്യമായി. 2023 ഡിസംബര്‍ ഒന്‍പതിന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് ബിജെപിയില്‍ ലയിക്കുന്നത്. പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കെ. സുരേന്ദ്രനും ബിജെപിക്കും പൂര്‍ണ പിന്തുണ നല്‍കും.
ഒരു പദവിയും ചോദിച്ചിട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപിയുടെ പ്രവര്‍ത്തകനാണ് താന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. കേരളത്തില്‍ ഞാനടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത് ജയിക്കാന്‍ വേണ്ടിയുള്ള മത്സരമാണ്.
എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണ്. ലോകത്തിലെ നമ്പര്‍വണ്‍ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തെ അവഗണിക്കാനാണ് സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നത്.
ഇതു കേരളജനത തിരിച്ചറിയുന്നു. രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണറെ പോലും ആക്രമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു. അത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. സംസ്ഥാനത്ത് ജനം പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്ര നടത്തുകയും പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്നു. ഇതംഗീകരിക്കാനാവില്ല.
സംസ്ഥാനത്തെ റബര്‍ കര്‍ഷകരും ഏലം കര്‍ഷകരും ദുരിതത്തിലാണ്. കര്‍ഷകരെ സഹായിക്കണമെന്നും താങ്ങുവില ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനും കേരള ജനതയെ സഹായിക്കാനും പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ചെയ്യാനാകുന്നത് ബിജെപിക്കൊപ്പം നിന്ന് ശക്തമായി മുന്നോട്ടുപോവുക എന്നതുമാത്രമാണ്, പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: