ലണ്ടന്‍: ഓസ്ട്രേലിയയിലേക്ക് അര ടണ്ണിലധികം കൊക്കെയ്ന്‍ കടത്തിയതിന് ഭാരത വംശജരായ ദമ്പതികള്‍ക്ക് യുകെയില്‍ 33 വര്‍ഷത്തെ തടവ് ശിക്ഷ. ഈലിങ്ങിലെ ഹാന്‍വെലില്‍ നിന്നുള്ള ആര്‍തി ധീര്‍ (59), കവല്‍ജിത്സിങ് റൈജാദ (35) എന്നിവരെയാണ് ശിക്ഷിച്ചത്. ഗുജറാത്തില്‍ ദത്തുപുത്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. ഈ കേസില്‍ ഇവരെ വിട്ടുകിട്ടണമെന്ന് ഭാരതം ആവശ്യപ്പെട്ടിരുന്നു.
2021 മെയ് മാസത്തില്‍ സിഡ്നിയില്‍ 57 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് പിടികൂടിയതിനെ തുടര്‍ന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) ഇവരെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിച്ച എന്‍സിഎ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു.
മയക്കുമരുന്ന് യുകെയില്‍ നിന്ന് വാണിജ്യ വിമാനത്തിലാണ് ഇവര്‍ കയറ്റി അയച്ചിരുന്നത്, ആറ് മെറ്റല്‍ ടൂള്‍ബോക്സുകളിലായി 514 കിലോഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തുക എന്ന ലക്ഷ്യത്തോടെ വൈഫ്ലി ഫ്രൈറ്റ് സര്‍വീസസ് എന്ന പേരില്‍ ഒരു കമ്പനി തന്നെ ഇവര്‍ രൂപീകരിച്ചിരുന്നു. പിടിച്ചെടുത്ത മെറ്റല്‍ ടൂള്‍ ബോക്സുകളിലെ പ്ലാസ്റ്റിക് കവറുകളില്‍ റൈജാദയുടെ വിരലടയാളം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: