അയോദ്ധ്യ: മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദിന്റെ നിര്‍മ്മാണം ഏപ്രിലോടെ ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്മെന്റ് കമ്മിറ്റി മേധാവിയും ഇന്‍ഡോഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐഐസിഎഫ്) അംഗവുമായ ഹാജി അറഫാത്ത് ഷെയ്ഖ് അറിയിച്ചു.
പള്ളിയുടെ മസ്ജിദിന്റെ ഏറ്റവും പുതിയ രൂപരേഖ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1857ലെ ഐതിഹാസികമായി സായുധ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന മൗലവി അഹമ്മദുള്ള ഷായുടെ ഓര്‍മ്മയ്ക്കായി മുഹമ്മദ് ബിന്‍ അബ്ദുള്ള മസ്ജിദ് എന്നാണ് പള്ളി അറിയപ്പെടുക. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകും ഇത്. 2021ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടാണ് മസ്ജിദിന് ശില പാകിയത്.
ദുബായ്യില് ഉള്ളതിനേക്കാള്‍ വലിയ അഞ്ച് മിനാരങ്ങളും അക്വേറിയവും ഉള്ള ഭാരതത്തിലെ ആദ്യത്തെ പള്ളിയാകുമിത്. അയോദ്ധ്യയിലെ ധനിപൂര്‍ ഗ്രാമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുന്നത്. താജ് മഹലിനേക്കാള്‍ സുന്ദരമായിരിക്കും അയോധ്യയിലെ ധനിപ്പൂരില്‍ ഉയരുന്ന പള്ളിയെന്ന് മസ്ജിദ് മുഹമ്മദ് ബിന്‍ അബ്ദുള്ള വികസന സമിതി ചെയര്‍മാനും ബിജെപി നേതാവുമായ ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു.
മസ്ജിദ് നിര്‍മ്മാണം ഒരു ബൃഹത്തായ പദ്ധതിയാണ്. 25 കോടി മുസ്ലീങ്ങളില്‍ നിന്ന് വിശുദ്ധ മസ്ജിദ് നിര്‍മ്മിക്കാനുള്ള ദൗത്യത്തിനായി എന്നെ തെരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇസ്ലാമിക നിര്‍മ്മിതികളില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നതാകും ഇത്. ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികളില്‍ ഒന്നായി ഇതിനെ വികസിപ്പിക്കും. സ്വാഭാവികമായും അത്തരം പദ്ധതികള്‍ക്ക് സമയമെടുക്കുമെന്ന് ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു.
5,000 പുരുഷന്മാരും 4,000 സ്ത്രീകളും അടക്കം 9,000 വിശ്വാസികള്‍ക്ക് ഒരുമിച്ച് നിസ്കരിക്കാനുള്ള സൗകര്യമാണ് മസ്ജിദിലുള്ളത്. നമാസ്, റോസി, സകാത്ത്, തൗഹീദ്, ഹജ്ജ് എന്നീ ഇസ്ലാമിന്റെ അഞ്ച് സവിശേഷതകളെ സൂചിപ്പിക്കുന്ന വിധം അഞ്ച് മിനാരങ്ങളോടെയാണ് പള്ളി പൂര്‍ണമാവുക. മസ്ജിദ് സമുച്ചയത്തില്‍ മെഡിക്കല്‍, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സംവിധാനമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: