തിരുവനന്തപുരം: ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കി വീണ്ടും സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബിന്റെ സര്‍ക്കുലര്‍. 1965 മുതല്‍ 2023വരെ ആറു സര്‍ക്കുലറും നാല് എക്സിക്യുട്ടീവ് ഡയറക്ടുകളും ഇത് സംബന്ധിച്ച് നിലവിലുണ്ട്. എന്നിട്ടും മാറ്റം വരാതെ വന്നതോടെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ ബാധ്യസ്ഥരാണെന്നും സഭ്യമായ പദപ്രയോഗങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണം. പോലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളോട് ചില പോലീസ് ഉദ്യോഗസ്ഥര്‍ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയില്‍ അഭിസംബോധന ചെയ്യുന്നതായും അധിക്ഷേപത്തോടെയോ അല്ലെങ്കില്‍ സഭ്യതയില്ലാതെയോ സംസാരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പോലീസിനും പൊതുജനങ്ങള്‍ക്കും പോലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റിക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ട്. വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ്ഐയും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഇടപെട്ടാണ് പോലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: