കരുനാഗപ്പള്ളി: ഉത്സവത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ-എസ്എഫ്ഐ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ക്ലാപ്പന തോട്ടത്തില്‍ മുക്കില്‍ വിനായക കളേഴ്സ് സ്ഥാപന ഉടമ മാധവീയത്തില്‍ നന്ദകുമാറിന്റെ മകന് അഖില്‍ (29) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.
കുലശേഖരപുരം കോട്ടയ്ക്ക്പുറം അനന്തുഭവനത്തില്‍ അനന്തു (22), ക്ലാപ്പന ഈരിക്കല്തറ വരവിള അതുല്‍ (21), ആദിനാട് തെക്ക് പുത്തന്‍കണ്ടത്തില്‍ സന്ദീപ് (23), തൃക്കരുവ പ്ലാക്കോണം കുളത്തുംകര വീട്ടില്‍ അക്ഷയ്കുമാര്‍ (18) എന്നിവരാണ് അറസ്റ്റിലായത്. റിമാന്‍ഡിലായ പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ജുവനൈല്‍ ജസ്റ്റിസ് ഹോമിലും മറ്റുള്ളവര്‍ കൊല്ലം ജില്ലാ ജയിലിലുമാണുള്ളത്.
ക്ലാപ്പന കണ്ണാടിശ്ശേരില്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉത്സവത്തിനിടെ പ്രതികള്‍ നാടന്പാട്ടിന് നൃത്തം ചെയ്യവെ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്തതിന് അഖിലിന്റെ സുഹൃത്ത് വിഷ്ണു ഉള്‍പ്പെടെയുള്ളവരെ പ്രതികള്‍ മര്‍ദിച്ചിരുന്നു. സാരമായി പരിക്കേറ്റ വിഷ്ണുവിനെ അഖില്‍ ഉള്‍പ്പെടെയുള്ളവര്‍ കോളഭാഗത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി നില്‍ക്കവെ ആശുപത്രിയിലേക്കെത്തിയ പ്രതികള്‍ വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അഖിലിനെ അക്രമിസംഘത്തിലെ അനന്തു കുത്തുകയുമായിരുന്നു.
നിലത്തുവീണ അഖിലിന്റെ നെഞ്ചിലും കാലുകളിലുമായി തുടരെ കുത്തി പരിക്കേല്‍പ്പിച്ചു. 14 കുത്തുകളേറ്റു. അതീവ ഗുരുതരാവസ്ഥയിലായ അഖിലിനെ കരുനാഗപ്പള്ളി ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. വാരിയെല്ലിന് ഏറ്റ പരിക്കാണ് മരണകാരണം. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് തോട്ടത്തുമുക്കിലെ വീട്ടുവളപ്പില്‍. ഭാര്യ അതുല്യ. മകള്‍: അനാമിക (4). അമ്മ: തുളസി. സഹോദരന്: അരുണ്‍.
സംഭവം നടന്ന ഉടന്‍ തന്നെ പ്രതികളെ പിടികൂടിയിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷിഹാസ്, ഷെമീര്‍, ഷാജിമോന്‍ എസ്സിപിഒ ഹാഷിം, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: