ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ അവസ്ഥ അത്ര സ്വീകാര്യമായ തരത്തിലല്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂർ. ബിഹാറിൽ അരങ്ങേറിയ രാഷ്ട്രീയ ഇടപെടലുകൾ ഹിമാചലിൽ നടക്കാൻ സാധ്യതയുണ്ടോ എന്ന ദേശീയ വാർത്ത ഏജൻസിയായ പിടിഐയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ പല തരത്തിലുള്ള സാധ്യതകളുണ്ടെന്നും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഹിമാചലിലെ അവസ്ഥ അത്ര സുഖകരമല്ലെന്നും ജയറാം താക്കൂർ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഭാവിയില്ല എന്നത് വ്യക്തമാണ്, ഉയർന്ന് പൊങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യ മുന്നണി തകർച്ചയുടെ വക്കിലാണ്. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി കോൺഗ്രസിന് 10 മുതൽ 12 സീറ്റ് വരെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സിപിഎം പാർട്ടികൾ തങ്ങൾ ഒരിക്കുന്ന പഞ്ചാബ്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ ഒന്നും തന്നെയില്ലെന്നാണ് പറയുന്നതെന്ന് ജയറാം താക്കൂർ വ്യക്തമാക്കി.
കോൺഗ്രസ് ഭരണത്തിൽ ഹിമാചൽ പ്രദേശിന്റെ വികസനം സ്തംഭിച്ച നിലയിലാണ്. സംസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ മാസ വേതനത്തിനായി സമരം ചെയ്യുന്ന അവസ്ഥയാണുള്ളത്. പതിനാലായിരം കോടി രൂപയുടെ കടമാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തിനിടയിൽ ഉണ്ടാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വച്ച ഒരു ആശയങ്ങളും വെളിച്ചത്ത് വന്നിട്ടില്ല. പൊതുജന പദ്ധതികളെല്ലാം താറുമാറായ നിലയിലാണ് ഇതിന്റെ എല്ലാം സത്യാവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: