ഇടുക്കി : ഭൂപതിവ് നിയമം ലംഘിച്ചതിന് ലംഘിച്ച് നിര്‍മിച്ച് ശാന്തന്‍പാറയിലെ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് സംരക്ഷണ ഭിത്തി പൊൡക്കാന് സിപിഎം തയ്യാറായത്. താലൂക്ക് സര്‍വെയര്‍ അടയാളപ്പെടുത്തി നല്കിയ ഭാഗമാണ് പൊളിച്ചത്. കെട്ടിടം നിര്‍മിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുകയാണെന്ന നടപടിയെ തുടര്‍ന്നാണ് ഇത്.
ശാന്തന്‍പാറ ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ സംരക്ഷണ ഭിത്തിമാത്രം പൊളിച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാനാണ് സിപിഎമ്മിന്റെ നീക്കം. പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് നേരത്തെ തന്നെ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം തുടരുകയാണ് ഉണ്ടായത്. ഇതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന വില്ലേജില്‍ ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണമെന്നും കയ്യേറ്റം നടന്നെന്നും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ സിപിഎം ഓഫീസ് നിര്‍മാണത്തിന് എന്‍ഒസി നിഷേധിക്കുകയും ചെയ്തിരുന്നു. 2022 നവംബര്‍ 25നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ പേരില്‍ ശാന്തന്‍പാറ ടൗണിലുള്ള 8 സെന്റ് ഭൂമിയില്‍ ബഹുനില ഓഫിസ് മന്ദിരം നിര്‍മിക്കുന്നതിനെതിരെ റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. റവന്യു വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ കെട്ടിടം നിര്‍മിച്ചതിനായിരുന്നു നടപടി.
എന്നാല്‍ ഇത് അവഗണിച്ച് വീണ്ടും നിര്‍മാണം തുടര്‍ന്നു. ഭൂപതിവ് ചട്ടം ലംഘിച്ച് സിപിഎം ഓഫിസ് നിര്‍മിക്കുന്നതിനെതിരെ കഴിഞ്ഞ ഓഗസ്റ്റ് 22ന് ഹൈക്കോടതിയിലും പരാതി നല്കി. ഇത് പരിഗണിച്ച കോടതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ കോടതി വിലക്ക് ലംഘിച്ച് അന്നു രാത്രി തന്നെ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെ പിറ്റേന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വീണ്ടും വിഷയത്തില്‍ ഇടപെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഇനിയാെരുത്തരവുണ്ടാകും വരെ ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് തുറന്നു പ്രവര്‍ത്തിക്കരുതെന്നും ഉത്തരവിട്ടു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ കത്ത് നല്‍കിയതിനു ശേഷം നിര്‍മാണം നടത്തിയിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: