തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയില്‍ നിയമന നിരോധനം. 13,975 പേരുള്ള കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിയമനം നടന്നത് 21 ശതമാനം മാത്രം. റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ശേഷിക്കുന്നത് 79 ദിവസം. പോലീസിന്റെ സേനാബലം വര്‍ദ്ധിപ്പിക്കാന്‍ നല്കിയ ശിപാര്‍ശകളെല്ലാം സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞ് ആഭ്യന്തര, ധന വകുപ്പുകള്‍ തള്ളിക്കളഞ്ഞു.
കൂടുതല്‍ കാര്യക്ഷമതയുള്ളവരെ കണ്ടെത്താനായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും നടത്തിയാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് തയാറാക്കിയത്. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തിയ ഏക റാങ്ക് ലിസ്റ്റും ഇതാണ്. എന്നിട്ടും 13,975 പേരുള്ള പട്ടികയില്‍നിന്നും ഏഴ് ബറ്റാലിയനിലേക്കും കൂടി നിയമനം നല്‍കിയത് 3019 പേര്‍ക്കും. നാലിലധികം നിയമനങ്ങളുടെ ശിപാര്‍ശകളാണ് ആഭ്യന്തര വകുപ്പ് ഇതിനകം തള്ളിക്കളഞ്ഞത്.
2023 മെയ് 10ന് ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റിനായി പോലീസ് വിഭാഗം ആഭ്യന്തര വകുപ്പിലേക്ക് ഫയല്‍ അയച്ചത്. 300ല്‍ അധികം പേരുടെ നിയമനം ആവശ്യമാണ് മുന്നോട്ടുവച്ചത്. ഹൈവേ പോലീസിലേക്ക് പ്രത്യേക വിങ്ങിനായി 795 അധിക നിയമനമായിരുന്നു ആവശ്യപ്പെത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പോക്സോ വിഭാഗത്തിനായുള്ള 200ല്‍ അധികം പേരുടെ നിയമന നിര്‍ദേശവും വകുപ്പിന് നല്കി. കൂടാതെ സംസ്ഥാന ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷയ്ക്ക് നിയോഗിക്കാനുള്ള നിര്‍ദേശവും ആഭ്യന്തര വകുപ്പിലേക്ക് അയച്ചു. ഇതെല്ലാം സാമ്പത്തിക പ്രതിസന്ധിയാണെന്ന് കാട്ടി ആഭ്യന്തര, ധനവകുപ്പുകള്‍ തള്ളിക്കളയുകയായിരുന്നു.
പോലീസ് സേനയെ ശക്തിപ്പെടുത്താന്‍ വേണ്ട നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് 2023 ഡിസംബര്‍ 12ന് എല്ലാ എസ്പിമാര്‍ക്കും പോലീസ് മേധാവി കത്ത് അയയ്ച്ചിട്ടുണ്ട്. 5000ല്‍ അധികം നിയമനം വേണ്ടിവരുമെന്നാണ് സൂചന. അതിലും ഇതുവരെ തീരുമാനമായിട്ടില്ല.
‘തൊഴിലില്ലാ ചങ്ങല’ യുമായി റാങ്ക് ഹോള്‍ഡേഴ്സ്
തിരുവനന്തപുരം: കാലാവധി തീരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിനൊരുങ്ങുകയാണ്. ഇന്ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സെക്രട്ടേറിയറ്റ് വരെ തൊഴിലില്ലാ ചങ്ങലയെന്ന പേരില്‍ സമരം നടത്തും.
നാളെ രാവിലെ 9 മുതല്‍ ഏഴുവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സൂചനാ സമരവും നടത്തും. എന്നിട്ടും നിയമനം നടത്തിയില്ലെങ്കില്‍ ഫെബ്രുവരി 12 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: