കോട്ടയം: 112-ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി നാല് മുതല്‍ 11 വരെ പമ്പാമണല്‍പ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാധിരാജ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി സ്മാരക പരിഷത്തായാണ് ഇക്കൊല്ലം നടത്തുന്നത്.
നാലിന് വൈകിട്ട് നാലിന് ചിന്മയാമിഷന് ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷനാകും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ചിന്മയാമിഷന് കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥി. നാലിന് രാവിലെ 11ന് പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് പതാക ഘോഷയാത്രയും പന്മന ആശ്രമത്തില്‍ നിന്ന് ജ്യോതി പ്രയാണഘോഷയാത്രയും. എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്ന് ഛായാചിത്രഘോഷയാത്രയും ശ്രീവിദ്യാധിരാജ നഗറില്‍ എത്തിച്ചേരും.
അഞ്ചിന് വൈകിട്ട് നാലിന് ധര്‍മ്മാചാര്യ സഭ. സ്വാമി ചിദാനന്ദപുരി അധ്യക്ഷന്‍. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. 7.30ന് ‘രാമരാജ്യം’ എന്ന വിഷയത്തില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും.
ആറിന് വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷനാകും. മാര്‍ഗ്ഗദര്‍ശക മണ്ഡലം സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി ന്യൂസ്എഡിറ്റര്‍ എം. സതീശന്, മാടമന ഉണ്ണികൃഷ്ണന് വിഷയാവതരണം. വൈകിട്ട് ഏഴിന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന് കേരളം) പ്രഭാഷണം നടത്തും.
ഏഴിന് വൈകിട്ട് നാലിന് അയ്യപ്പഭക്തസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. യോഗ ക്ഷേമസമിതി സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി അനിരാജ് ഐക്കര, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത് അയിരൂര്‍, എക്സിക്യൂട്ടീവ് അഗംങ്ങളായ വി.കെ. രാജഗോപാല്‍, കെ.കെ. ഗോപിനാഥന് നായര്‍ എന്നിവര്‍ പങ്കെടുത്തു.












