കൊച്ചി: റഫ്രിജറേറ്റര്‍ നന്നാക്കി കൊടുക്കാത്ത നിര്‍മാതാവും സര്‍വീസ് സെന്ററും ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കണമെന്ന് എറണാകുളം ഉപഭോക്തൃ കോടതി. എറണാകുളം വാഴക്കാല സ്വദേശി എസ്. ജോസഫ് 2019 ജനുവരി മാസമാണ് സാംസങ് സര്‍വീസ് സെന്ററിനെ റഫ്രിജറേറ്റര്‍ റിപ്പയറിങ്ങിനായി സമീപിച്ചത്. 25 ദിവസം കഴിഞ്ഞിട്ടും സര്‍വീസ് ചെയ്തു കിട്ടിയില്ല.
നിരവധി തവണ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. വാങ്ങി ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് തകരാറുണ്ടായതെന്നും വാറണ്ടി കാലയളവിന് ശേഷമാണ് കേട് ഉണ്ടായതെന്നും എതിര്‍കക്ഷി ബോധിപ്പിച്ചു.
ന്യായമായ സമയത്തിനകം സര്‍വീസ് നടത്തുന്നതില്‍ എതിര്‍ കക്ഷികള്‍ വീഴ്ച വരുത്തിയതിനാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമ ചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കോടതി വ്യക്തമാക്കി.
‘വലിയ വില കൊടുത്ത് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവ് അത് കേടായാല്‍ സര്‍വീസ് സെന്ററിനെ സമീപിക്കും. പലപ്പോഴും കൃത്യമായ സര്‍വീസ് ലഭിക്കാറില്ല. അതിനാല്‍ മറ്റൊരു ഉത്പന്നം വാങ്ങേണ്ടിവരും. ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ മാത്രമല്ല ഇത് ഹനിക്കുന്നത്, അമിത ചെലവും പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നു, കമ്മിഷന്‍ നിരീക്ഷിച്ചു.
പരാതിക്കാരന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തിക ക്ലേശത്തിനും 80,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം എതിര്‍കക്ഷികള്‍ നല്കണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. പി.യു. സിയാദ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: