കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുത്തവര്‍ ചേര്‍ന്ന് രൂപം നല്കിയ കമ്പനിയാണ് ഗുഡ് വിന് കമ്പനിയെന്ന് ഇഡി. മാത്രമല്ല, കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം തട്ടിയവര്‍ ആരംഭിച്ച ആറുപേരുടെ പങ്കാളിത്തത്തിലൂള്ള ഈ കമ്പനി 2021ല്‍ പാപ്പരത്ത ഹര്‍ജി നല്‍കിയിരുന്നെന്ന് ഇഡി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകാരുടെ സ്വത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തട്ടിപ്പുകാരുടെ സ്വത്തുക്കളുടെ അടിവേരുകള്‍ തേടിയുള്ള ഇഡി അന്വേഷണമാണ് ഗുഡ് വിന് പാക്ക് പെറ്റ് കമ്പനിയില്‍ എത്തിയത്. ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, ആരോഗ്യ ഉല്പന്നങ്ങള് എന്നിവ പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക്ക് കുപ്പികളും പാക്കുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഗുഡ് വിന് പാക് പെറ്റ്.
ഗുഡ് വിന് കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് കമ്പനി കെട്ടിപ്പൂട്ടാന്‍ വേണ്ടിയാണ് ഇവര്‍ പാപ്പരത്ത ഹര്‍ജി നല്‍കിയതെന്നും ഇഡി വെളിപ്പെടുത്തുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ 14ാം പ്രതി സി.എം. രാജീവന്, 32ാം പ്രതി കെ.എ. അനിരുദ്ധന്, 31ാം പ്രതി പി.പി. സതീഷ് എന്നിവരെക്കൂടാതെ സന്തോഷ് കുമാര്‍, സുരേഷ് ബാബു, സി. രാജീവന് എന്നിവരും ചേര്‍ന്ന് തൊട്ടിപ്പാളിലാണ് ഗുഡ് വിന് പേക് പെറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഈ കമ്പനി നഷ്ടത്തിലാണെന്നും ഉടനെ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ച് അടച്ചു പൂട്ടാന്അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും ഇഡി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ജനവരി 11നാണ് ഇവര്‍ കൊച്ചിയിലെ നാഷണല്‍ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്. ഇങ്ങിനെ ഹര്‍ജി നല്‍കുന്നതിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്. കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചാല്‍ കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റ് ഇറക്കിയ മുതല്‍ തിരിച്ചുപിടിക്കാന്‍ നിക്ഷേപകര്‍ക്ക് അത് അവസരം നല്‍കും.
ഗുഡ് വിന്നില് കെ.എ. അനിരുദ്ധന് 81.85 ലക്ഷം, മുരളി നാരായണന് 63.22 ലക്ഷം, സി.രാജീവന് 1.49 കോടി, പിപി സതീഷ് 76.39 ലക്ഷം, സന്തോഷ് കുമാര്‍ 14.50 ലക്ഷം, സുരേഷ് ബാബു 24.75 ലക്ഷം എന്നിങ്ങനെ പണമിറക്കിയെന്നാണ് പാപ്പരത്ത ഹര്‍ജിയില്‍ കമ്പനി പങ്കാളികള്‍ അവകാശപ്പെടുന്നത്.
എന്നാല്‍ കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കളാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കമ്പനിയുടെ സ്വത്തുവകകളെല്ലാം മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പണം ഈ കമ്പനിയില്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനാല്‍ ഇപ്പോള്‍ ഈ കമ്പനിയെയും പ്രതിയാക്കി. 13 പ്രതിസ്ഥാനത്താണ് ഇപ്പോള്‍ ഗുഡ് വിന് പേക്ക് പെറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: