തപസിന്റെ ശക്തി അപാരമാണ്. അത്യധികം ശക്തി സമ്പന്നമായ തത്ത്വം ഈ ലോകത്തിലെന്തുണ്ടോ, അതിന്റെ എല്ലാം മൂലം തപസ്സില്‍ സന്നിഹിതമാണ്. സൂര്യന് തപിക്കുന്നു. അതുകൊണ്ടാണ് സൂര്യന് അഖില ലോകത്തിനും ജീവന് പ്രദാനം ചെയ്യാന്‍ ശേഷിയുള്ള പ്രാണശേഖരത്തിന്റെ അധിപധി ആയിരിക്കുന്നത്. ഗ്രീഷ്മ ഋതുവിലെ ചൂടില്‍ വായുമണ്ഡലം ശരിയായി തപിക്കുന്നതിന്റെ ഫലമായിട്ടാണ് മംഗളകരമായ മഴ ഉണ്ടാകുന്നത്. സ്വര്‍ണം തപിച്ചു പഴുക്കുമ്പോഴാണ് ശുദ്ധവും, തിളക്കമേറിയതും, വിലയേറിയതുമാകുന്നത്. എല്ലാ ധാതുക്കളും ഖനനം ചെയ്തെടുക്കുമ്പോള്‍ മാലിന്യപൂര്‍ണവും, സങ്കരിതവും, ഗുണരഹിതവുമാണ്. എന്നാല്‍ അവയെല്ലാം പലതവണ ചൂളയിലിട്ടു ഉരുക്കി എടുത്തു കഴിയുമ്പോള്‍ ശുദ്ധവും വിലയുള്ളതുമായി തീരുന്നു.
പച്ചമണ്ണുകൊണ്ടുണ്ടാക്കിയ പാവകളും പാത്രങ്ങളും അല്പം തട്ടലോ മുട്ടലോ ഏറ്റാല്‍ പൊട്ടിപ്പോകുന്നു. എന്നാല്‍ അവ ചൂടുപാകപ്പെടുത്തിക്കഴിയുമ്പോള് ചുവന്നതും ബലമുള്ളതുമായിത്തീരുന്നു. പച്ചമണ്ണുകൊണ്ടുള്ള ഇഷ്ടിക ചുട്ടെടുത്തു കഴിയുമ്പോള്‍ കല്ലുപോലെ ബലവും ഉറപ്പുള്ളതുമായിത്തീരുന്നു. ബലമില്ലാത്ത ചുണ്ണാമ്പുകല്ലു ചുട്ടുകഴിഞ്ഞാല്‍ കുമ്മായമായിത്തീരുകയും അതു ചേര്‍ത്തുണ്ടാക്കുന്ന സൗധങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും.
തുലോം സാമാന്യമായ അഭ്രക്കല്ല് നൂറു പ്രാവശ്യം തീയിലിട്ടു ചുട്ടുകഴിയുമ്പോള്‍ ചന്ദ്രോദയരസമുണ്ടാകുന്നു. പല തവണ തീയിലിട്ടു ചൂട്ടെടുക്കുമ്പോഴാണ് ധാതുക്കളില്‍ നിന്നും വിലയേറിയ ഭസ്മവും രസായനവും ഉണ്ടാകുന്നത്. അവയാണ് അശക്തരും തീരാവ്യാധികളാല്‍ പീഡിതരുമായവര്‍ക്കു നവജീവന്‍ നല്കാന് ഉപയുക്തമാകുന്നത്. അന്നവും കറിസാധനങ്ങളും വേവിക്കാത്ത രൂപത്തില്‍ അരുചികരവും ദഹനം ദുഷ്ക്കരവുമാണ്. എന്നാല്‍ ഇവതന്നെ തീയില്‍ വേവിച്ചു പാകപ്പെടുത്തിക്കഴിയുമ്പോള് രുചികരവും സുപാച്യവുമായിത്തീരുന്നു. മലിനമായ വസ്ത്രങ്ങള്‍ അലക്കുകാരന്റെ ചൂളയില്‍ നിന്നു പുറത്തു വരുമ്പോള്‍ വൃത്തിയുളളതായിത്തീരുന്നു.
ഉദരത്തിലെ ജഠരാഗ്നിയില്‍ ദഹനക്രിയക്കു വിധേയമായ ആഹാരം രക്തവും മജ്ജയുമായി രൂപാന്തരപ്പെട്ടു നമ്മുടെ ശരീരത്തിന്റെ അംശമായിത്തീരുന്നു. അഗ്നിസംസ്കരണം ചൂടാക്കുക അഥവാ തപിപ്പിക്കുക എന്ന ക്രിയ നിലച്ചുപോയാല്‍ തീര്‍ച്ചയായും സകല വികസന പ്രവര്‍ത്തനങ്ങളും നിലച്ചു പോകും.
പ്രകൃതി തപിക്കുന്നതുകൊണ്ടാണ് സൃഷ്ടിയിലെ സകല പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ജീവികള്‍ തപിക്കുമ്പോഴാണ് അവയുടെ ഉള്ളിലൊതുങ്ങിക്കിടക്കുന്ന പുരുഷാര്‍ത്ഥം, പരാക്രമം, ധൈര്യം, ജ്ഞാനം എന്നിങ്ങനെയുള്ള നിസര്ഗരത്നശൃഖല ദൃശ്യമാകുന്നത്. മാതാവ് തന്റെ ഉള്ളിലെ അണ്ഡവും ഭ്രൂണവും ഉദരോഷ്മാവുകൊണ്ടു പാകപ്പെടുത്തി ശിശുവിനെ പ്രസവിക്കുന്നു. മൂര്ഛിതാവസ്ഥ വെടിഞ്ഞുയരാനായി, ഉദരപൂരണത്തിനുപരിയായി എന്തെങ്കിലും ചെയ്യാന്‍ അഭിലഷിച്ചവര്ക്കെല്ലാം തപിക്കേണ്ടി വന്നു. തപസ്സനുഷ്ഠിക്കേണ്ടി വന്നു. ലോക ചരിത്രത്തിന്റെ താളുകളില്‍ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച മഹാന്മാര്ക്കെല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അവനവന്റേതായ രീതിയില്‍ തപസ്സനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. മഹത്ത്വപൂര്‍ണമായ കൃത്യങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള ശാസ്ത്രജ്ഞന്മാര്, ഭരണാധികാരികള്‍, ശില്‍പ്പികള്‍, വിദ്യാത്ഥികള്‍, കര്‍ഷകര്‍, വ്യവസായികള്‍, തൊഴിലാളികള്‍ എന്നിങ്ങനെയുള്ളവരെല്ലാംതന്നെ കഠിനാദ്ധ്വാനത്തിന്റെയും കര്‍മ്മനിരതയുടെയും തപശ്ചര്യയുടെയും മാര്‍ഗ്ഗം അവലംബിച്ചവരാണ്. ഇവര്‍ അലസതയുടെയും അസത്യത്തിന്റെയും അകര്‍മ്മണ്യതയുടെയും ശൈഥില്യത്തിന്റെയും ഭോഗവിലാസങ്ങളുടെയും മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ അവര്‍ എത്തിച്ചേര്‍ന്ന ഔന്നത്യത്തില്‍ എത്തുവാന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല.
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: