(കൃഷ്ണാര്‍ജുന സംവാദം)
ഭഗവാനേ, ഇപ്രകാരവും ആരെങ്കിലും കര്‍മ്മം ചെയ്തിട്ടുണ്ടോ?
പൂര്‍വകാലത്ത് മോക്ഷം ആഗ്രഹിച്ചവര്‍ ഇപ്രകാരം അറിഞ്ഞുകൊണ്ടുതന്നെ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു. അതിനാല്‍ നീയും പൂര്‍വികന്മാര്‍ പണ്ടുകാലം മുതല്‍ ചെയ്തുപോന്ന കര്‍മ്മം തന്നെ ചെയ്തുകൊള്ളുക.
മുമുക്ഷുകള്‍ ചെയ്തതും അങ്ങ് ചെയ്യാന്‍ പറയുന്നതുമായ ആ കര്‍മ്മം എന്താണ്?
കര്‍മ്മം എന്താണ്? അകര്‍മ്മം എന്ത്? ഈ കാര്യം നിര്‍ണയിക്കുന്നതില്‍ ബുദ്ധിമാന്മാര്‍കൂടി കുഴങ്ങുന്നു. അതിനാല്‍ ആ കര്‍മ്മതത്ത്വത്തെക്കുറിച്ച് വ്യക്തമായി ഞാന്‍ പറഞ്ഞുതരാം. അതറിയുമ്പോള്‍ നിനക്ക് അശുഭത്തില്‍ നിന്ന് അഥവാ കര്‍മ്മബന്ധനത്തില്‍ നിന്ന് മുക്തിനേടാന്‍ കഴിയും. കര്‍മ്മത്തിന്റെ സ്വരൂപം അറിയാന്‍ സാധിക്കണം. അതുപോലെ വികര്‍മ്മത്തിന്റെ സ്വരൂപവും അറിയണം. അകര്‍മ്മത്തിന്റെ സ്വരൂപവും അറിയേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, കര്‍മ്മഗതി മനസ്സിലാക്കാന്‍ പ്രയാസമത്രേ.
കര്‍മ്മത്തിന്റെയും അകര്‍മ്മത്തിന്റെയും എന്ത് തത്വമാണറിയേണ്ടത്?
ഏതൊരു മനുഷ്യന്‍ കര്‍മ്മത്തില്‍ അകര്‍മ്മത്തെ കാണുന്നുവോ, അപ്രകാരം തന്നെ അകര്‍മ്മത്തില്‍ കര്‍മ്മത്തെ കാണുന്നുവോ, അതായത് കര്‍മ്മം ചെയ്തു കൊണ്ട് നിര്‍ലിപ്തനായിരിക്കുകയും നിര്‍ലിപ്ത നായിക്കൊണ്ട് കര്‍മ്മം ചെയ്യുകയും ചെയ്യുന്നുവോ ഈ രീതിയില്‍ സര്‍വകര്‍മ്മവും ചെയ്യുന്നവനാണ് യോഗി, ബുദ്ധിമാന്‍.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: