ന്യൂദല്‍ഹി : വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ മികച്ചൊരു ആത്മബന്ധം ഉണ്ടാക്കിയെടുക്കണം. അങ്ങിനെയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുമായി എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാവുന്ന അന്തരീക്ഷവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹി ഭാരത് മണ്ഡപത്തില്‍ പരീക്ഷാ പേ ചര്‍ച്ച 7ാമത് എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ വിദ്യാര്‍ഥികള്‍ കൂടുതല്‍ ക്രിയാത്മകമാണ്. അവരാണ് രാജ്യത്തിന്റെ ഭാവിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പരിപാടിയില്‍ നേരിട്ടു പങ്കെടുക്കുന്നത്. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ മേഘ്ന എന്‍. നാഥാണ് പരിപാടി നിയന്ത്രിച്ചത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടിക്ക് പരിപാടി നിയന്ത്രിക്കാന്‍ അവസരം ലഭിക്കുന്നത്. 3000ത്തോളം വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.
പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനക്കരുത്തുണ്ടാക്കാനായി 2018 മുതലാണ് പ്രധാനമന്ത്രി ‘പരീക്ഷാ പേ ചര്‍ച്ച’ ആരംഭിച്ചത്. പരിപാടി കുട്ടികളെ കാണിക്കാന്‍ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കു വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തവണ രണ്ട് കേടിയിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: