ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമാസക്ത സമരം കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഒരു പ്രതിഷേധമെന്നോണം ഗവര്‍ണര്‍ മുഴുവന്‍ വായിക്കാതിരുന്നതാണ് പുതിയ പ്രകോപനം. കൊട്ടാരക്കര സദാനന്ദപുരം അവധൂത ആശ്രമത്തില്‍ സദാനന്ദസ്വാമികളുടെ സമാധി ശതാബ്ദി ഉദ്ഘാടനത്തിനു പോവുകയായിരുന്ന ഗവര്‍ണറെ നിലമേലില്‍ എസ്എഫ്ഐക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തിനും നാടകീയമായ സംഭവങ്ങള്‍ക്കും ഇടവരുത്തി. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിനുനേര്‍ക്ക് എഴുപത്തിയഞ്ചോളം എസ്എഫ്ഐക്കാര്‍ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. ഗവര്‍ണറെ ആക്രമിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍ അവിടെയിരിക്കുകയും സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച ഗവര്‍ണര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ചില എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിന്റെ എഫ്ഐആര്‍ കോപ്പിയുമായാണ് അവിടെനിന്ന് പോയത്. പ്രതീക്ഷിച്ചതുപോലെ അക്രമത്തെ ന്യായീകരിച്ചുകൊണ്ടും ഗവര്‍ണറെ പരിഹസിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവുമുണ്ടായി.
ഗവര്‍ണര്‍ ആവര്‍ത്തിച്ചു പറയുന്നതുപോലെ എസ്എഫ്ഐക്കാരുടെ ആക്രമണത്തിനു പിന്നില്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയനാണെന്ന് ആര്‍ക്കും മനസ്സിലാകും. അധികാരത്തിന്റെ ഹുങ്കില്‍ നിയമത്തെ ലംഘിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ നടപടികളെ ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയെയും കൂട്ടരെയും പ്രകോപിതരും അക്രമാസക്തരുമാക്കുന്നത്. സര്‍വകലാശാലകളിലെ വഴിവിട്ട നിയമനങ്ങളുടെ കാര്യത്തില്‍ കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ ലഭിക്കുന്നതും, ക്ഷേമപെന്‍ഷനുകളും സ്കൂളുകളിലെ ഉച്ചക്കഞ്ഞിയുമൊക്കെ മുടങ്ങുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തകര്ന്നിരിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തതാണ് ഗവര്‍ണറെ ഭയപ്പെടുത്തി പിന്മാറ്റാന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. എസ്എഫ്ഐ അക്രമികളെ ഇതിന് ഉപയോഗിക്കുകയാണ്. പോലീസിന്റെ അറിവോടും സമ്മതത്തോടും സംരക്ഷണത്തിലുമാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐക്കാര്‍ അഴിഞ്ഞാടുന്നത്. അവരെ പ്രതിഷേധിക്കാനായി എത്തിക്കുന്നതും പിടിച്ചുകൊണ്ടുപോകുന്നതും പോലീസാണെന്ന ഗവര്‍ണറുടെ ആരോപണം ഗുരുതരമാണ്. ഗവര്‍ണറെ ശാരീരികമായിപ്പോലും ആക്രമിക്കാന്‍ ശ്രമിക്കുന്നവരോട് പോലീസ് കാണിക്കുന്ന മൃദുസമീപനം ജനങ്ങള്‍ കാണുന്നുണ്ട്. ഗവര്‍ണര്‍ക്കെതിരായ അക്രമം തങ്ങള്‍ ഇനിയും തുടരുമെന്ന് എസ്എഫ്ഐ നേതാക്കള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനു പിന്നില്‍ സര്‍ക്കാരില്‍നിന്നും പോലീസില്‍നിന്നും ലഭിക്കുന്ന പിന്തുണയാണ്.
പ്രതിഷേധ സമരങ്ങളോടുള്ള പോലീസിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ മണിക്കൂറുകള്‍ക്കു മുന്‍പേ പിടിച്ചുകൊണ്ടുപോകുന്ന പോലീസ് ഗവര്‍ണറുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ്, ഇവിടെ എസ്എഫ്ഐക്കാര്‍ക്ക് സംരക്ഷണഭിത്തി നിര്‍മിക്കുകയാണ്. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. സര്‍ക്കാരിന്റെ തലവനായ ഒരാളുടെ ജീവന്‍പോലും അപകടത്തിലാവുന്ന സാഹചര്യം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല. ഇതു മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇതുപ്രകാരം ഗവര്‍ണര്‍ക്ക് ബുള്ളറ്റ്പ്രൂഫ് വാഹനം ലഭിക്കും. ഗവര്‍ണര്‍ക്കെതിരായി നടക്കുന്ന അസാധാരണമായ നീക്കങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരിക്കുകയുമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും പല മന്ത്രി മാര്‍ക്കും എതിരെ കോടാനുകോടി രൂപയുടെ അഴിമതിയാരോപണങ്ങള്‍ ഉയരുകയും, അതിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍കൂടിയാണ് ഗവര്‍ണര്‍ക്കെതി രായ അക്രമാസക്ത സമരത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. അഴിമതിക്കാരായ ഇക്കൂട്ടരെ നിയമത്തിനു മുന്പില് കൊണ്ടുവന്ന് ശിക്ഷിക്കുന്നതിലൂടെ മാത്രമേ ഇപ്പോഴത്തെ സ്ഥിതിഗതിക്ക് മാറ്റം വരാന്‍ പോകുന്നുള്ളൂ. ഇവരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ ക്രമസമാധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയായിരിക്കും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: