ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞന് ചാണക്യന് ആണെന്നാണ് എന്റെ മതം. ചാണക്യന് അന്നുപറഞ്ഞ പലതും ഇന്ന് ലോക മാനേജ്മെന്റ് തന്ത്രങ്ങളിലും നേതൃത്വം അഥവാ ലീഡര്‍ഷിപ്പ് സംബന്ധിച്ച പഠനങ്ങളിലും പ്രസക്തമാണ്. തന്നോട് ഏറ്റുമുട്ടാന്‍ തന്നെക്കാള്‍ ശക്തനായ ഒരു എതിരാളി വന്നാല്‍ ഒന്നുകില്‍ അവനോട് ഒത്തുതീര്‍പ്പുണ്ടാക്കി കലഹിക്കാതെ കടന്നുപോവുക എന്നതാണ് ഏറ്റവും മികച്ച തന്ത്രമായി ചാണക്യന് ഉപദേശിച്ചിട്ടുള്ളത്. ഒരുപക്ഷേ, ചന്ദ്രഗുപ്ത മൗര്യനെ ചാണക്യന് ഉപദേശിച്ചതുപോലുള്ള ഉപദേഷ്ടാക്കള്‍ ആരെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംഘര്‍ഷത്തിനു പോകാതെ സമന്വയത്തിന്റെ പാത സ്വീകരിക്കാന്‍ ഉപദേശിക്കുമായിരുന്നു.
വടക്കന്‍ കളരികളില്‍ ഒരു ചൊല്ലുണ്ട്, തനിക്ക് താന്‍ പോന്നവരോട് മാത്രമേ മല്ലിനു പോകാവൂ എന്ന്. മുഖ്യമന്ത്രി പിണറായി വിജയന് മുട്ടാന്‍ പറ്റിയ പൊക്കമല്ല ആരിഫ് മുഹമ്മദ് ഖാനുള്ളത്. അത് ഇനിയും മനസ്സിലാകാത്ത രണ്ടുപേരെ ഉള്ളൂ, ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാമത്തെയാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും. ഇവര്‍ രണ്ടുപേരും തെറ്റിദ്ധാരണയിലാണ്. ഗവര്‍ണര്‍ പോകുന്ന വഴിയിലൊക്കെ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ നല്കുന്ന വിവരം അനുസരിച്ച് കുറച്ച് എസ്എഫ്ഐ പിള്ളേര് കരിങ്കൊടി കാണിച്ചാല്‍, സിപിഎമ്മിന്റെ പെയ്ഡ് സൈബര്‍ സഖാക്കള്‍ മലയാളത്തില്‍ കുറച്ചു തെറിവിളിച്ചാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിപിഎമ്മിന് കീഴടങ്ങും എന്നാണ് അവര്‍ കരുതുന്നത്.
ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ് എല്ലാ കളികളും പഠിച്ചു വന്ന ആരിഫ് മുഹമ്മദ് ഖാന് ഒരുപക്ഷേ, ഭാരതം കണ്ട ഏറ്റവും നീതിമാനും സത്യസന്ധനും ആദര്‍ശ ശുദ്ധിയുമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. പറയുന്ന വാക്കില്‍ ഉറച്ചു നില്‍ക്കുകയും ആദര്‍ശം പ്രസ്താവനയ്ക്ക് മാത്രമുള്ളതല്ല എന്ന് പ്രവൃത്തികൊണ്ട് തെളിയിക്കുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ഒരാളുടെ അടുത്ത് കരിങ്കൊടിയുമായി എത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, വെടിക്കെട്ടുകാരനെ പേടിപ്പിക്കാന്‍ പോയവരുടെ അവസ്ഥയിലാണ് ഇന്ന് എസ്എഫ്ഐ എന്ന്. നിലമേല്‍ എന്‍എസ്എസ് കോളജിലെ എസ്എഫ്ഐ സഖാക്കളുടെ പാരമ്പര്യം ചതിയുടെയും വഞ്ചനയുടെതുമാണ്. കോളജില്‍ സമാധാന ചര്‍ച്ചയ്ക്ക് വന്ന ആര്‍എസ്എസ് നേതാവായ ദുര്‍ഗ്ഗാദാസിനെ എറിഞ്ഞിട്ട് കുത്തിക്കൊന്ന ഭീരുക്കളായ എസ്എഫ്ഐ നേതാക്കളാണ് അവിടെയുള്ളത്. ആ എസ്എഫ്ഐക്കാരാണ് ഗവര്‍ണറെ നേരിടാന്‍ കരിങ്കൊടിയുമായി എത്തിയത്. മുദ്രാവാക്യം വിളിച്ച് മുന്നോട്ടാഞ്ഞ എസ്എഫ്ഐക്കാരെ കണ്ട് വണ്ടി നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങി അനുനയിപ്പിക്കാന്‍ ചെന്ന പോലീസുകാരോട് മാറിനില്ക്കാന് പറഞ്ഞ ഗവര്‍ണര്‍ സമരക്കാര്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ ഈ വീരസ്യം പറഞ്ഞ എസ്എഫ്ഐ നേതാക്കള്‍ പിന്നോട്ടു പോയി അടുത്തുള്ള ഏടിഎം കൗണ്ടറില്‍ ഒളിക്കുകയായിരുന്നു. രാഷ്ട്രീയമായി ഗവര്‍ണറെ പ്രകോപിക്കാനും ഒറ്റപ്പെടുത്താനും അപമാനിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമാണ് എസ്എഫ്ഐയിലൂടെ പുറത്തുവരുന്നത്.
ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനവും ഭരണവും സുഗമമായി കൊണ്ടുപോവുക എന്നത് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും ചുമതലയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അറിയാതെ എസ്എഫ്ഐക്കാര്‍ ഇത്തരത്തില്‍ ഒരു പ്രക്ഷോഭത്തിന് തയ്യാറെടുക്കും എന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതില്ല. മാത്രമല്ല, ഗവര്‍ണര്‍ പദവിയെയും രാഷ്ട്രീയമായി ഇകഴ്ത്താന്‍ ശ്രമിച്ച സിപിഎമ്മിന്റെ മുഖത്ത്, പിണറായിയുടെ മുഖത്ത് അതേ രീതിയില്‍ തിരിച്ചടിച്ച ആരിഫ് മുഹമ്മദ് ഖാന് പഴയ തറവാടിത്തമുള്ള രാഷ്ട്രീയ നേതാവിന്റെ പാരമ്പര്യം പുറത്തെടുക്കുകയായിരുന്നു. ഷഹബാനു കേസില്‍ നിരാലംബരായ, മൊഴി ചെല്ലപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം കൊടുക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ മതമൗലികവാദികളുടെ അച്ചാരം വാങ്ങി ഭരണഘടനാ ഭേദഗതിക്ക് രാജീവ്ഗാന്ധി ശ്രമിച്ചപ്പോള്‍ 37-ാം വയസ്സില്‍ കേന്ദ്രമന്ത്രി സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രീയമായി നേരിടാനുള്ള ചങ്കുറപ്പൊന്നും പിണറായിയുടെ ബ്രണ്ണന്‍ കഥകള്‍ക്കില്ല.
ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഗവര്‍ണറുടെ ആരോഗ്യനില പരിശോധിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇത്തരം പരാമര്‍ശം പിണറായി വിജയന്റേത് ആദ്യത്തെതല്ല. എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗവും ബിഷപ്പിനെതിരെ നടത്തിയ നികൃഷ്ടജീവി പ്രയോഗവും ഒക്കെ മുഖ്യമന്ത്രിയുടെ നിലവാരം പ്രകടമാക്കുന്നതാണ്. മാത്രമല്ല, കേരളത്തിന്റെ സിവില്‍ സര്‍വീസ് കണ്ട ഏറ്റവും മികച്ച രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ പിണറായിയുടെ ഈ ഭാഷയ്ക്ക് വിധേയരായവരാണ്. എസ്എന്‍സി ലാവ്ലിന് ഇടപാടില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനൊപ്പം വഴിവിട്ട നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാണ് കേരളം കണ്ട ഏറ്റവും സമര്‍ത്ഥനായ ഓഫീസര്‍മാരില്‍ ഒരാളായ വി. രാജഗോപാല്‍ പീഡിപ്പിക്കപ്പെട്ടത്. സെക്രട്ടറിയേറ്റില്‍ കുഴഞ്ഞുവീണാണ് അദ്ദേഹം മരിച്ചത്. ധനകാര്യ സെക്രട്ടറിയായിരുന്ന വരദാചാരി പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ ഫയലില്‍ വ്യക്തമായ നോട്ട് ഇട്ടിരുന്നു. വരദാചാരിയുടെ തല പരിശോധിക്കണമെന്നാണ് അന്ന് പിണറായി ഫയലില്‍ രേഖപ്പെടുത്തിയത്. തല പരിശോധിക്കണമെന്ന പ്രസ്താവനയും ഇപ്പോഴത്തെ ആരോഗ്യം പരിശോധിക്കണമെന്ന പ്രസ്താവനയും ഏതാണ്ട് ഒരേ നിലവാരത്തില്‍ ഉള്ളതാണ്. 40 വര്‍ഷത്തിന് ശേഷവും കോടതിയില്‍ നിന്ന് മുക്തനാകാതെ ലാവ്ലിന് കേസുമായി പിണറായി നടക്കുന്നുണ്ടെങ്കില്‍ അന്ന് വി. രാജഗോപാലും വരദാചാരിയും പറഞ്ഞത് സത്യമായിരിക്കുന്നു.
തന്നെ വിരട്ടാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍, നിലമേലിലെ ചായക്കടയുടെ മുറ്റത്ത് വലിച്ചിട്ട് ന്യൂയോര്‍ക്ക് ടൈംസ്ക്വയര്‍ മോഡല്‍ കസേരയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇരുന്നപ്പോള്‍ അവിടെ ഉടഞ്ഞു വീണത് മുഖ്യമന്ത്രിയുടെ മാത്രമല്ല, ആഭ്യന്തരമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന്റെ ചില്ലുകൊട്ടാരമായിരുന്നു. പറഞ്ഞ മാതിരി 17 പ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് എഫ്ഐആറിന്റെ കോപ്പിയും വാങ്ങിയേ ഗവര്‍ണര്‍ മടങ്ങിയുള്ളൂ. മാത്രമല്ല, മണിക്കൂറുകള്‍ക്കകം ഗവര്‍ണറുടെ സുരക്ഷാ ഇസഡ് പ്ലസ് ആക്കുകയും സിആര്‍പിഎഫ് സുരക്ഷാചുമതല ഏറ്റെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗവര്‍ണറുടെയും സുരക്ഷ ഒരുക്കുന്നതില്‍ കേരള പോലീസ് പ്രകടിപ്പിക്കുന്ന ഇരട്ടത്താപ്പ് കേരളത്തിലെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ പ്രതിഷേധിക്കുന്നവരെ മുഴുവന്‍ അടിച്ചു നിരത്തി വഴിയിലൂടെ കറുപ്പ് വസ്ത്രം അണിഞ്ഞു പോകുന്നവരെ മുഴുവന്‍ സുരക്ഷാ തടവില്‍ വെക്കുന്ന കേരള പോലീസ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കാട്ടുന്ന അവധാനത വ്യക്തമാണ്. നേരത്തെ ഉണ്ടായ സംഭവങ്ങളിലും ഗവര്‍ണറുടെ അതീവരഹസ്യമായ യാത്രാവഴികള്‍ ചോര്‍ത്തുന്നതില്‍ സിപിഎം പ്രവര്‍ത്തകനായ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് നടത്തുന്ന പ്രവര്‍ത്തനം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടി ബോധ്യപ്പെട്ടതാണ്. ഒരു നടപടിയും ഈ ഉദ്യോഗസ്ഥനെതിരെ ഉണ്ടായില്ല. കേസിലെ പ്രതികള്‍ തമ്പടിക്കുന്ന ജനറല്‍ ആശുപത്രിയുടെ മുന്നിലുള്ള സിപിഎം കൗണ്‍സിലറുടെ ഒപ്പം നിന്ന് ഫോട്ടോയെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇടാന്‍ പോലും ഈ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുമ്പോള്‍ ഇതിന്റെ പിന്നിലെ അന്തര്‍ധാരകള്‍ വ്യക്തമാണ്.
ആ ധാര്‍ഷ്ട്യമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മടക്കി ചുരുട്ടി കയ്യില്‍ തന്നത്. ആത്മാഭിമാനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണം എന്നൊന്നും പറയുന്നില്ല. കാരണം, വി.എസിനെ ചവിട്ടി മൂലയ്ക്കാക്കി നേടിയ മുഖ്യമന്ത്രിപദം ജീവിതാഭിലാഷമാണ്. അതിന്റെ പേരിലാണ് കെ.കെ ശൈലജയെയും ജി.സുധാകരനെയും സാമ്പത്തിക ശാസ്ത്രം അറിയില്ലെങ്കിലും ശാസ്ത്രജ്ഞന് ആണെന്ന് നടിച്ച് നടക്കുന്ന തോമസ് ഐസക്കിനെയും വെട്ടിയൊതുക്കിയത്. അതുകൊണ്ട് മുഖ്യമന്ത്രിപദം വഹിച്ചാലും ആഭ്യന്തരവകുപ്പിന്റെ ചുമതല ഭരിക്കാന്‍ അറിയുന്ന ഏതെങ്കിലും ഒരാളെ കണ്ടെത്തി ഏല്‍പ്പിക്കണം. അത് കെ.കെ.ശൈലജ ആയാലും ഇപ്പോഴത്തെ പ്രതിച്ഛായ പ്രതിസന്ധി മാറ്റിയെടുക്കാന്‍ ഉപകരിക്കും. നമ്മുടെ ചിറ്റപ്പനും നല്ല ചോയ്സ് ആണ്. കാരണം അദ്ദേഹം ഇപ്പോള്‍ പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ ഒക്കെയാണ് കണ്ണുവച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി ആയാല്‍ വീട്ടുകാര്‍ക്ക് പോലീസ് സ്റ്റേഷന് എഴുതിക്കൊടുക്കാന്‍ ആവില്ലല്ലോ. മുഖ്യമന്ത്രി പിണറായി വിജയന് പറ്റുന്ന പണിയല്ല ആഭ്യന്തരം എന്ന് മനസ്സിലാക്കി വകുപ്പ് മാറുന്നതാണ് ഇനിയുള്ള കാലമെങ്കിലും സമാധാനത്തോടെ ഭരിക്കാന്‍ നല്ലത്.
വി.ഡി. സതീശനെ കൂടി ഒരുകാര്യം ഓര്‍മ്മിപ്പിക്കട്ടെ, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന, അഴിമതി തുറന്നുകാട്ടുന്ന, സര്‍വ്വകലാശാലകളിലെ സ്വജനപക്ഷപാതം പുറത്തു കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് നിങ്ങളല്ല. അത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്. രാജ്ഭനിലെ എന്തെങ്കിലും പണി ഏറ്റുവാങ്ങി അദ്ദേഹത്തോടൊപ്പം നിന്ന് രാഷ്ട്രീയം പഠിച്ചാല്‍ നിങ്ങള്‍ക്ക് ഭാവി ഉണ്ടാകും. ഇല്ലെങ്കില്‍ കെ.സുധാകരനും കെ.മുരളീധരനും രമേശ് ചെന്നിത്തലയ്ക്കും എതിരായ കുത്തിത്തിരിപ്പുമായി ജീവിതം ഒതുങ്ങിപ്പോകും. കേരളത്തിന്റെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ നേതാവായി ആരിഫ് മുഹമ്മദ്ഖാന് മാറിയിരിക്കുന്നു എന്നകാര്യം മനസ്സിലാക്കുക. ദുരന്തഭൂമികളില്‍ കാരുണ്യവുമായി എത്തുന്ന അതേ മനുഷ്യന്, അഴിമതിക്കെതിരെ പടവാള് ഓങ്ങുന്ന ഉഗ്രരൂപമായി മാറുന്നത് കേരളത്തിലെ സാധാരണക്കാര്‍ക്ക് ആശയും ആവേശവും പ്രതീക്ഷയുമായി മാറിയിരിക്കുന്നു. കേരളം ഗവര്‍ണര്‍ക്ക് ഒപ്പമാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: