ജറുസലേം: ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള സാമ്പത്തിക സഹായം ലോകരാജ്യങ്ങള്‍ നിര്‍ത്തിവച്ചു. ഇസ്രായേലിലുണ്ടായ ഭീകരാക്രമണത്തില്‍ ഹമാസിനൊപ്പം യുഎന്‍ആര്‍ഡബ്ല്യുഎ ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ആരോപിച്ചാണ് അമേരിക്ക, ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം. പാലസ്തീന് ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയാണ് യുഎന്‍ആര്‍ഡബ്ല്യുഎ. ലോകരാജ്യങ്ങളുടെ സഹായം നിലച്ചാല്‍ ഏജന്‍സിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പരുങ്ങലിലാകും.
അമേരിക്കയേയും ബ്രിട്ടനെയും കൂടാതെ ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള സഹായം നിര്‍ത്തിയത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ രാജ്യങ്ങള്‍ നേരത്തെ തന്നെ ഫണ്ടിങ് നിര്‍ത്തിവച്ചിരുന്നു.
ഇസ്രായേലില്‍ 1,140 പേരുടെ മരണത്തിനിടയാക്കിയ, ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തില്‍ ഹമാസിനൊപ്പം യുഎന്ആര്ഡബ്ല്യുഎയില 12 ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിന്റെ തെളിവുകളാണ് പുറത്തു വന്നത്. ഇതില്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ലോകരാജ്യങ്ങളുടെ നീക്കത്തിലെ അപകടം മുന്നില്‍കണ്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.
ലോകരാജ്യങ്ങളുടെ ആശങ്കകള്‍ മനസിലാക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎയിലെ ഉദ്യോഗസ്ഥരുടെ മേല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിന്, സഹായം നിര്‍ത്തിവച്ച രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ അവര്‍ ചെയ്തതിന്റെ അനന്തരഫലം അനുഭവിക്കണം. എന്നാല്‍, യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കാ യി, വളരെ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ജീവനക്കാരുണ്ട്. അവരെ കൂടി ശിക്ഷിക്കരുതെന്ന് അന്റോണിയെ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.
ആരോപണ വിധേയരായ 12 പേര്‍ക്കെതിരെയും യുഎന്‍ അന്വേഷണം ആരംഭിച്ചു. ഒന്‍പത് പേരെ പുറത്താക്കി. ഒരാള്‍ മരിച്ചു. മറ്റ് രണ്ടു പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഗുട്ടറസിന്റെയും യുഎന്‍ ഉദ്യോഗസ്ഥരുടെയും അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ ബ്രിട്ടന് സഹായം നിര്‍ത്തി വയ്ക്കുന്നതായി പ്രഖ്യാപിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎ ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ അപലപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: