ആലപ്പുഴ: ജലജന്യകളയായ കുളവാഴയില്‍ നിന്നും വ്യത്യസ്തമായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ശില്പികളായ ആലപ്പുഴ എസ്ഡി കോളജ് വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് അവരുടെ സൃഷ്ടികള്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ധ്യാപകരായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, ഡോ. ബിന്ദു പി. എന്നിവരും സ്റ്റാര്‍ട്ട്- അപ്പ് അംഗങ്ങളായ അനൂപ്കുമാര്‍ വി, ആര്യ എസ്., ലക്ഷ്മി കെ. ബാബു, പൂര്‍വവിദ്യാര്‍ത്ഥികളായ നീനു എസ്., അര്ജുന് ലാല്‍ എം.പി. എന്നിവരാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.
ഉണങ്ങിയ കുളവാഴ തണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പുതിയ ഉത്പന്നശ്രേണിയുടെ അനാഛാദനം ഗവര്‍ണര്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ട്-അപ്പ് സിഇഒയും ഗവേഷക വിദ്യാര്‍ത്ഥിയുമായ അനൂപ്കുമാര്‍ വി, നീനു എസ്. എന്നിവരാണ് പുതിയ ഉത്പന്നങ്ങള്‍ തയാറാക്കാന്‍ നേതൃത്വം വഹിച്ചത്. ദേശീയ ചിഹ്നത്തിനു പുറമേ ഗാന്ധിജി, ഭഗത് സിങ്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, മദര്‍ തെരേസ തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് തയാറാക്കിയത്. കുളവാഴ പേപ്പറില്‍ പ്രിന്റുചെയ്ത അദ്ദേഹത്തിന്റെയും അയോധ്യയിലെ രാം മന്ദിറിന്റെയും ചിത്രങ്ങളോടൊപ്പം കുളവാഴയുടെ ഉണങ്ങിയ തണ്ടുകളില്‍ നിന്നും വേര്‍തിരിച്ച നേര്‍ത്ത നാരുകള്‍ കൊണ്ട് ഗവര്‍ണറുടെ പേര് എംബ്രോയിഡറി ചെയ്തതും വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചു.
കുളവാഴയുടെ മൂല്യവര്‍ദ്ധനവിനുള്ള സാദ്ധ്യതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കി പ്രധാനമന്ത്രിക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. കോളജിലെ ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനായ പ്രൊഫസര്‍ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തില്‍ 25 വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: