പാറ്റ്ന: ബീഹാറിൽ എൻ ഡി എ സർക്കാർ രൂപീകരിക്കാനുള്ള പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി ബിജെപി നിയമസഭാ കക്ഷിയോഗം. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായും വിജയ് സിന്‍ഹയെ ഉപ നേതാവായും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാര്‍ ആയേക്കുമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെയാണ് നിതീഷ് കുമാര്‍ മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്‌ക്കുമൊപ്പമെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. പിന്നാലെ ബി.ജെ.പിയും ജെഡിയുവും മറ്റ് സഖ്യകക്ഷികളും ചേര്‍ന്ന് സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പ്രമേയം പാസാക്കുകയായിരുന്നു. രാവിലെ നിയമസഭാ കക്ഷിയോഗം ചേര്‍ന്ന ശേഷമാണ് നിതീഷ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. മുന്നണിമാറ്റം സംബന്ധിച്ച് അവസാന നിമിഷംവരെ നിതീഷ് പ്രതികരിച്ചിരുന്നില്ല.
നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നാലെയാണ് നിതീഷ് കുമാര്‍ ഞായറാഴ്ച രാവിലെ രാജിവച്ചത്. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: