ന്യൂദല്‍ഹി: കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡില്‍ ഭാരതത്തിന്റെ നാരീശക്തി അടയാളപ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റിയത് വനിതകളുടെ മോട്ടോര്‍ സൈക്കിള്‍ സാഹസിക പ്രകടനങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് സിആര്‍പിഎഫിന്റെ മോട്ടോര്‍ സൈക്കിള്‍ സാഹസിക പ്രകടന സംഘമായ യശസ്വിനിയിലുള്ളവര് കാഴ്ചവച്ചത്. നാഗ്പൂര്‍ സിആര്‍പിഎഫ് 213 മഹിളാ ബറ്റാലിയനിലെ അംഗങ്ങളായ 262 പേരാണ് സംഘത്തിലുണ്ടായിരുന്നത്. യശസ്വിനി സംഘത്തില്‍ 10 മലയാളി വനിതകളുണ്ടായിരുന്നു. കോഴിക്കോട് പാറക്കടവ് സ്വദേശി എം.കെ. ജിന്‍സി, നാദാപുരം സ്വദേശി സി.വി. അഞ്ജു, കൊല്ലം കടയ്ക്കല്‍ സ്വദേശി അഞ്ജു സജീവ്, പാലക്കാട് വാളയാര്‍ സ്വദേശി അപര്‍ണ ദേവദാസ്, പുത്തൂര്‍ സ്വദേശി സി. മീനാംബിക, പട്ടാമ്പി സ്വദേശി സി.പി. അശ്വതി, കുഴല്‍മന്ദം സ്വദേശി എന്‍. സന്ധ്യ, കൊല്ലം സ്വദേശി ബി. ശരണ്യ തിരുവനന്തപുരം കല്ലറ സ്വദേശി ടി.എസ്. ആര്യ, മലപ്പുറം മഞ്ചേരി സ്വദേശി ഇ. ശിശിര എന്നിവരായിരുന്നു സംഘത്തിലെ മലയാളികള്‍.
ദല്‍ഹി പോലീസിന്റെ വനിതകള്‍ മാത്രമുള്ള സംഘത്തെ നയിച്ച തൃശ്ശൂര്‍ സ്വദേശിയും നോര്‍ത്ത് അഡീ. ഡെപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ. സുഗതന് ഇതു രണ്ടാം തവണയാണ് സംഘത്തെ നയിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ തവണയും ശ്വേത തന്നെയാണ് സംഘത്തെ നയിച്ചത്. സിആര്‍പിഎഫ് സംഘത്തെ പന്തളം സ്വദേശി അസി. കമാന്‍ഡന്റ് മേഘ നായരാണ് നയിച്ചത്. 148 അംഗ സംഘത്തയാണ് മേഘ നായര്‍ നയിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫിന്റെ റിസര്‍വ് കമന്ഡന്റായിരുന്നു. നാവിക സേന സംഘത്തെ നയിച്ച മൂന്ന് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരില്‍ ഒരാള്‍ അടൂര്‍ സ്വദേശി ലെഫ്. എച്ച്. ദേവികയായിരുന്നു.
ചരിത്രത്തിലാദ്യമായി പരേഡില്‍ പങ്കെടുക്കുന്ന കര, നാവിക, വ്യോമ സേനകളിലെ ട്രൈ സര്‍വീസ് വിമന്‍ കണ്ടിജന്റില്‍ കരസേനയില്‍ എട്ട് മലയാളികളുണ്ട്. ആര്. പ്രിയദര്‍ശിനി (പാലക്കാട്), പി.ഡി. ജോസ്ന (വയനാട്), നവ്യ അജയന് (തിരുവനന്തപുരം), കെ.യു. അശ്വതി (തൃശൂര്‍), എ. മാളു (കൊല്ലം), പി.എസ്. അര്‍ച്ചന (തിരുവനന്തപുരം), എസ്.ആര്. ഗൗരി (തിരുവനന്തപുരം), ജനിക ജയന് (കരുനാഗപ്പള്ളി) എന്നിവരായിരുന്നു ഇവര്‍. ബിഎസ്എഫ് ക്യാമല്‍ മൗണ്ടന്‍ വനിതാ സംഘത്തില്‍ നാല് മലയാളികളുണ്ടായിരുന്നു. ബി.ആര്. രഞ്ജിനി(കൊല്ലം), പി. കീര്‍ത്തന (കോഴിക്കോട്), കെ.എസ്. വിദ്യ (കോട്ടയം), എം. അനീഷ്യ (ആലപ്പുഴ) എന്നിവരായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: